ന്യൂഡൽഹി: 90 അംഗ ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള 30 സ്ഥാനാർഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട കോൺഗ്രസ് എട്ട് സിറ്റിങ് എം.എൽ.എമാരെ പുറത്തുനിർത്തി. 22 സിറ്റിങ് എം.എൽ.എമാർക്ക് ടിക്കറ്റ് നൽകിയ കോൺഗ്രസ് പലവട്ടം നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ ജയസാധ്യത പരിഗണിച്ചാണ് സ്ഥാനാർഥിനിർണയമെന്ന് അവകാശപ്പെട്ടു.
മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനൊപ്പം നിൽക്കുന്നവരാണ്ആദ്യ പട്ടികയിലധികവും. മുഖ്യമന്ത്രി 2003 തൊട്ട് പ്രതിനിധാനംചെയ്യുന്ന പട്ടാൻ നിയമസഭാമണ്ഡലത്തിലും ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവ് സ്വന്തം തട്ടകമായ അംബികാപൂരിലും നിയമസഭ സ്പീക്കർ ചരൺദാസ് മഹന്ത് സക്തിയിലും മത്സരിക്കും.
ബസ്തർ എം.പിയായ ഛത്തിസ്ഗഢ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീപക് ബൈജ് ചിത്രകൂടിൽ സ്ഥാനാർഥിയായി. 2018ൽ ചിത്രകൂടിൽനിന്ന് ജയിച്ച ബൈജ് 2019ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിഞ്ഞ മണ്ഡലമാണിത്. കോൺഗ്രസ് പ്രഖ്യാപിച്ച 30 സ്ഥാനാർഥികളിൽ 13ഉം ഒ.ബി.സിക്കാരാണ്.
14 പട്ടികവർഗ വിഭാഗങ്ങൾക്കും മൂന്നെണ്ണം പട്ടികജാതിക്കാർക്കും സംവരണംചെയ്ത മണ്ഡലങ്ങളുമാണ്. മൂന്ന് വനിതകളാണുള്ളത്. അന്തരിച്ച കോൺഗ്രസ് നേതാവ് മഹേന്ദ്ര കർമയുടെ മകൻ ചവിന്ദ്ര കർമ ദന്തേവാഡയിൽ മത്സരിക്കും. മഹേന്ദ്ര കർമയുടെ ഭാര്യ ദേവതി കർമയുടെ സിറ്റിങ് മണ്ഡലമാണിത്.
മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവിൽ ഈയിടെ ഇ.ഡി റെയ്ഡിനിരയായ ഛത്തിസ്ഗഢ് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ഗിരീഷ് ദേവാംഗനാണ് കോൺഗ്രസ് സ്ഥാനാർഥി. മുഖ്യമന്ത്രി ബാഘേലിന്റെ വിമർശകയായ സിറ്റിങ് എം.എൽ.എ ഛന്നി സാഹുവിന് ഇക്കുറി സീറ്റില്ല.
രണ്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തിസ്ഗഢിൽ 20 നക്സൽ ബാധിത മണ്ഡലങ്ങളിൽ നവംബർ ഏഴിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. അവശേഷിക്കുന്ന 70 മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിൽ നവംബർ 17നാണ് വോട്ടെടുപ്പ്. ജഗ്ദൽപൂർ ഒഴികെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിന് സ്ഥാനാർഥികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.