മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക് നാഥ് ഷിൻഡെ (ഇടത്), ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസ് (വലത്ത്) എന്നിവർ മുംബൈ രാജ്ഭവനിൽ ഗവർണർ ഭഗത് സിങ് കോശിയാരിക്കൊപ്പം

നാടകാന്തം ഷിൻഡെ മുഖ്യമന്ത്രി

മുംബൈ: നാടകീയ നീക്കങ്ങൾക്കൊടുവിൽ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിലവിലെ പ്രതിപക്ഷ നേതാവുകൂടിയായ ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരിക്കെയാണ് ഷിൻഡെയെ മുഖ്യനാക്കിയുള്ള അപ്രതീക്ഷിത പ്രഖ്യാപനം. ഷിൻഡെക്കൊപ്പം ഗവർണർ ഭഗത് സിങ് കോശിയാരിയെ കണ്ട് ബി.ജെ.പിയുടെ 106 പേരുടെയും 39 വിമതരുടെയും സ്വതന്ത്രരും ചെറുപാർട്ടികളും ഉൾപ്പെടെ 16 എം.എൽ.എമാരുടെയും പിന്തുണ കത്ത് നൽകിയതിനു പിന്നാലെയാണ് ഷിൻഡെയെ മുഖ്യമന്ത്രിയായി ഫഡ്നാവിസ് തന്നെ പ്രഖ്യാപിച്ചത്.

മന്ത്രിസഭയിൽ ഭാഗമാകില്ലെങ്കിലും പുറത്തുനിന്ന് സഹായിക്കുമെന്നുപറഞ്ഞ ഫഡ്നാവിസ് എന്നാൽ, കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പിന്നീട് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്തു. രാത്രി ഏഴരക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ശനിയാഴ്ച വിശ്വാസവോട്ട് നേടാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്നുതന്നെ സ്പീക്കറെയും തെരഞ്ഞെടുക്കും. 

വ്യാഴാഴ്ച ഉച്ചയോടെ ഗോവയിൽനിന്ന് മുംബൈയിലെത്തിയ ഏക്നാഥ് ഷിൻഡെ ഫഡ്നാവിസുമായി ചർച്ച നടത്തിയശേഷമാണ് ഗവർണറെ കണ്ടത്. സെഡ് പ്ലസ് സുരക്ഷയോടെയാണ് ഷിൻഡെ നഗരത്തിൽ എത്തിയത്. ഗോവയിൽ കഴിയുന്ന വിമത എം.എൽ.എമാർ വിശ്വാസ വോട്ടിനേ എത്താൻ സാധ്യതയുള്ളൂ. ഷിൻഡെയുടെ വിമതനീക്കത്തിൽ പഴുതുകളടയുകയും ഗവർണർ വിശ്വാസ വോട്ടിന് ആവശ്യപ്പെടുകയും ചെയ്തതോടെ ബുധനാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. 24 മണിക്കൂറിനകം ഉദ്ധവ് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന ശിവസേന അംഗമായിരുന്ന 58 കാരനായ ഷിൻഡെ അധികാരമേൽക്കുകയും ചെയ്തു.

വലിയ ഒറ്റക്കക്ഷിയായിട്ടും ബി.ജെ.പി, ശിവസേനയിൽ വിമതനീക്കത്തിന് നേതൃത്വം നൽകിയ ഷിൻഡെയെ മുഖ്യനാക്കിയത് രാഷ്ട്രീയകേന്ദ്രങ്ങളിൽ കൗതുകമായി. ശിവസേനയെ തകർക്കാൻ ഷിൻഡെയെ ഉപകരണമാക്കുകയാണെന്നും മറാത്ത നേതാവിനെ മുഖ്യനാക്കുന്നതിലൂടെ സംവരണ വിഷയത്തിൽ ഇടഞ്ഞ മറാത്തികളെ സമാധാനിപ്പിക്കാനുള്ള നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. തന്നെ പുറത്താക്കിയാൽ ശിവസേനക്കാരൻ മുഖ്യമന്ത്രിയാകുമോ എന്ന പുറത്തായ ഉദ്ധവ് താക്കറെയുടെ ചോദ്യത്തിനുള്ള മറുപടികൂടിയാണ് ഷിൻഡെക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാനുള്ള ബി.ജെ.പി തീരുമാനം.

2019 ൽ ഒരുമിച്ചു ഭരിക്കാൻ നൽകിയ ജനിവിധി തള്ളി ശിവസേന ജനങ്ങളെ അപമാനിക്കുകയായിരുന്നുവെന്നും എന്നാൽ, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വയെ കൈവിടാൻ ഷിൻഡെ പക്ഷം തയാറായിരുന്നില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. തങ്ങളാണ് യഥാർഥ ശിവസേന എന്ന നിലപാടിൽ വിമതപക്ഷം ഉറച്ചുനിൽക്കുകയാണ്. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ആശയങ്ങളുടെ വിജയമാണ് തന്റെ സ്ഥാനലബ്ധിയെന്നും മഹാരാഷ്ട്രയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ഷിൻഡെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും അദ്ദേഹം നന്ദി പറഞ്ഞു.

Tags:    
News Summary - Eknath Shinde sworn in as Chief Minister of Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.