മുണ്ടുടുത്ത് എത്തിയ വയോധികനെ മാളിൽ തടഞ്ഞു; വിവാദമായതോടെ മാപ്പു പറച്ചിൽ

ബംഗളൂരു: മുണ്ടുടുത്ത് മാളിൽ എത്തിയ വയോധികനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ബംഗളൂരുവിലെ ജി.ടി. മാളിലാണ് സംഭവം. മാളിന്‍റെ പുറത്തുനിൽക്കുന്ന വയോധികന്‍റെ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ ഈ വിവരം പ്രചരിക്കുകയും കടുത്ത പ്രതിഷേധം മാൾ അധികൃതർക്കെതിരെ ഉയരുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം ആറോടെ കുടുംബത്തോടൊപ്പം സിനിമ കാണാനാണ് വയോധികൻ മാളിൽ എത്തിയത്. പരമ്പരാഗത ധോത്തി പോലുള്ള വസ്ത്രമായ 'പഞ്ചെ'യാണ് ഇദ്ദേഹം ധരിച്ചിരുന്നത്. എന്നാൽ, പ്രവേശന ഭാഗത്ത് ഇദ്ദഹേത്തെ സെക്യൂരിറ്റി ജീവനക്കാർ തടയുകയും ഈ വേഷത്തിൽ കയറാനാവില്ലെന്ന് അറിയിക്കുകയുമായിരുന്നു. പാന്‍റ് ധരിച്ചെത്തിയാൽ മാത്രമേ കയറാൻ അനുവദിക്കൂ എന്നാണ് പറഞ്ഞതത്രെ.

വയോധികന്‍റെ സങ്കടത്തോടെയുള്ള നിൽപ് അടക്കം സമൂഹമാധ്യമങ്ങളിൽ സംഭവം പ്രചരിച്ചു. ഇതോടെ നിരവധി ആളുകളും കന്നഡ സംഘടനകളും കർഷക സംഘടനകളുമെല്ലാം പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥിതിഗതികൾ വഷളായതോടെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ മാപ്പ് പറയുകയും ചെയ്തു. വിവിധ കന്നഡ സംഘടനകളും കർഷക സംഘടനകളും മുണ്ടുടുത്ത് പരമ്പരാഗത വേഷത്തിൽ എത്തി മാളിൽ കയറി പ്രതിഷേധിച്ചു.

2024 ഫെബ്രുവരിയിൽ, ബംഗളൂരുവിലെ നമ്മ മെട്രോയിൽ സമാന സംഭവം അരങ്ങേറിയിരുന്നു. മണ്ണ് പുരണ്ട വസ്ത്രവുമായെത്തിയ വയോധികനെ സുരക്ഷാ ജീവനക്കാരൻ മെട്രോയിൽ കയറുന്നതിൽനിന്ന് തടയുകയായിരുന്നു. രാജാജിനഗർ മെട്രോ സ്റ്റേഷനിലെ സംഭവം അന്ന് വൻ വിവാദമായതോടെ നമ്മ മെട്രൊ അധികൃതർ ജീവനക്കാരനെ പുറത്താക്കിയിരുന്നു.

Tags:    
News Summary - Elderly Man Denied Entry By Bengaluru Mall For Wearing Dhoti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.