ആഗ്ര: രാജ്യത്ത് തെരുവ് നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെ ഉത്തർപ്രദേശിലെ ആഗ്രയിൽ തെരുവ് നായകളുടെ ആക്രമണത്തിന് ഇരയായ വയോധികയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈദ്ഗാഹ് ഏരിയയിലെ കട്ഘർ കോളനിയിൽ പ്രഭാത സവാരിക്കിടെയാണ് വൃദ്ധയെ ഏഴ് തെരുവ് നായകൾ ചേർന്ന് ആക്രമിക്കുകയും വലിച്ചിഴക്കുകയും ചെയ്തത്.
ഈ മാസം 12ന് രാവിലെയാണ് സംഭവം. സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വയോധിക പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും നായകൾ കൂടുതൽ ആക്രമണകാരികളായി. വസ്ത്രത്തിൽ കടിച്ച് വലിച്ചാണ് നിലത്ത് വീഴ്ത്തിയത്. നായകൾകടിച്ച് വലിച്ച് കൊണ്ടുപോകുമ്പോൾ സ്ത്രീ സഹായത്തിനായി നിലവിളിക്കുന്നതും നായകളെ തുരത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തെരുവ് നായകൾ യുവതിയെ വലിച്ചിഴച്ച് സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി ഏറെ നേരം വയോധികയെ കടിക്കുകയും ആക്രമിക്കുകയും ചെയ്തു. പുലർച്ചെ തെരുവിൽ ആരുമില്ലാതിരുന്നതിനാൽ സ്ത്രീയെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. നായകൾ മാന്തുകയും കടിക്കുകയും ചെയ്തതിനാൽ വയോധികക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് തെരുവ് നായ ശല്യം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച നാട്ടുകാർ, ഇത് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.