ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങൾക്കകം പ്രഖ്യാപിക്കാനിരിക്കെ, പ്രമുഖ പാർട്ടികളുടെ നേതാക്കൾ മിന്നൽ പര്യടനങ്ങളിൽ. തെരഞ്ഞെടുപ്പു കമീഷനാകട്ടെ പ്രഖ്യാപനത്തിന്റെ അന്തിമ ഒരുക്കങ്ങളിലും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലേക്ക് തറക്കല്ലിടൽ, പദ്ധതി ഉദ്ഘാടനം, പ്രചാരണ യോഗങ്ങൾ എന്നിവക്കായി ദിനേന ഡൽഹിയിൽനിന്ന് പറക്കുകയാണ്.
വ്യാഴാഴ്ച രാജസ്ഥാനിലേക്കും മധ്യപ്രദേശിലേക്കുമാണ് അദ്ദേഹം പോയത്. രാജസ്ഥാനിലെ ജോധ്പൂരിൽ 5,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ നടത്തി. വിമാനത്താവള ടെർമിനൽ കെട്ടിടം, എയിംസ് ട്രോമ സെന്റർ, റോഡ് വികസന പദ്ധതികൾ എന്നിവയുടെ തറക്കല്ലിടൽ, ഐ.ഐ.ടി കാമ്പസ് സമർപ്പണം തുടങ്ങിയ മാരത്തൺ പരിപാടികളായിരുന്നു പ്രധാനമന്ത്രിക്ക്. മധ്യപ്രദേശിലും തെരഞ്ഞെടുപ്പ് പ്രഖ്യാപന നേരത്ത് കല്ലിടൽ ചടങ്ങുകൾ അരങ്ങേറി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിവിധ സംസ്ഥാന പര്യടനങ്ങളിലാണ്. പ്രധാനമന്ത്രി എത്തുന്നതിനു മുമ്പേ പ്രിയങ്ക ഗാന്ധി മധ്യപ്രദേശിൽ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. തെലങ്കാന, ഛത്തിസ്ഗഢ്, മിസോറം എന്നിവിടങ്ങളിലേക്കും ഭരണ-പ്രതിപക്ഷ നേതൃനിര പായുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകസമിതി തന്ത്രങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് യോഗം ചേരും.
സമൂഹമാധ്യമങ്ങളിൽ ഭരണ-പ്രതിപക്ഷ പോസ്റ്റർ യുദ്ധവും ഇതിനിടെ നടക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ നവയുഗ രാവണനായി ചിത്രീകരിച്ച് ബി.ജെ.പി പോസ്റ്റർ ഇറക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും വലിയ നുണയനെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചതിന് തിരിച്ചടിയെന്ന നിലയിലായിരുന്നു ഇത്.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നീ നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനത്തിലേക്ക് കടക്കുന്നതിനു മുമ്പായി തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച നിരീക്ഷകരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെ പര്യടനവും തെരഞ്ഞെടുപ്പ് തയാറെടുപ്പു വിലയിരുത്തലും പൂർത്തിയായ സാഹചര്യത്തിലാണിത്.
തെരഞ്ഞെടുപ്പിൽ പണമെറിയുന്നതും സൗജന്യങ്ങൾ നൽകുന്നതും പ്രത്യേകം നിരീക്ഷിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തെലങ്കാനയിൽ പറഞ്ഞു. നിയമം നടപ്പാക്കേണ്ടവർ മടിച്ചു നിന്നാൽ അവരെക്കൊണ്ട് കമീഷൻ ആ ചുമതല നടത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവയുഗ രാവണൻ ധർമങ്ങൾക്ക് എതിരാണെന്നും ഭാരതത്തെ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ബി.ജെ.പി ‘എക്സി’ൽ കുറ്റപ്പെടുത്തി. ഇന്ത്യയെ ഭിന്നിപ്പിക്കാൻ താൽപര്യപ്പെടുന്നവരുടെ കൈകളാൽ പിതാവും മുത്തശ്ശിയും നഷ്ടപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ പ്രകോപനവും അക്രമവും ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
പാർലമെന്റിൽ പാസാക്കിയ വനിത സംവരണ ബിൽ ഉടനെയൊന്നും നടപ്പാക്കാതെ സ്ത്രീകളെ പരിഹസിക്കുകയാണ് യഥാർഥത്തിൽ മോദിസർക്കാറെന്ന് പ്രിയങ്ക ഗാന്ധി മധ്യപ്രദേശിലെ പ്രചാരണ റാലിയിൽ പറഞ്ഞു. വനിത സംവരണം നടപ്പാക്കാൻ മണ്ഡലാതിർത്തി പുനർനിർണയവും സെൻസസും നടക്കണം.
അതിന് സമയമെടുക്കുമെന്നിരിക്കെ, വനിത സംവരണം പ്രസംഗവേദികളിൽ അവകാശവാദത്തിനുള്ള നിയമനിർമാണം മാത്രമാണെന്ന് പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി ഓടിനടന്ന് തറക്കല്ലിടൽ നടത്തുന്നതിനെയും പ്രിയങ്ക വിമർശിച്ചു.
ഇന്ത്യയുടെ ശബ്ദം ഇന്ന് ലോകമെങ്ങും മുഴങ്ങുന്നതാണ് കോൺഗ്രസിന്റെ പ്രശ്നമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ രാജസ്ഥാനിലെ പ്രസംഗം. കസേര മാത്രമാണ് കോൺഗ്രസിന് വേണ്ടത്. കോൺഗ്രസെന്നാൽ അഴിമതിയുടെ പര്യായമാണെന്നും, രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാർ നിരവധി അഴിമതികളാണ് അഞ്ചു വർഷത്തിനിടയിൽ ചെയ്തതെന്നും മോദി പറഞ്ഞു.
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങൾക്കകം പ്രഖ്യാപിക്കാനിരിക്കെ, രാഷ്ട്രീയ സാഹചര്യങ്ങൾ അവലോകനം ചെയ്യാനും തന്ത്രങ്ങൾ ചർച്ച ചെയ്യാനും തിങ്കളാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ചേരും.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിലാണ് നവംബർ-ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തയാറെടുപ്പുകൾ നേരിട്ടെത്തി അവലോകനം ചെയ്ത തെരഞ്ഞെടുപ്പ് കമീഷൻ വെള്ളിയാഴ്ച നിരീക്ഷകരുടെ യോഗവും വിളിച്ചിട്ടുണ്ട്.
പുനഃസംഘടിപ്പിച്ച കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആദ്യ യോഗം ഹൈദരാബാദിൽ വിളിച്ചതിനു മൂന്നാഴ്ചകൾക്ക് ശേഷമാണ് തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് യോഗം നടക്കുന്നത്. പുതിയ സമിതിയുടെ ഡൽഹിയിലെ ആദ്യ യോഗമാണിത്. ആഗസ്റ്റ് 20നാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്.
84 അംഗ പ്രവർത്തക സമിതിയിൽ 39 സ്ഥിരാംഗങ്ങൾ, 32 സ്ഥിരം ക്ഷണിതാക്കൾ, 13 പ്രത്യേക ക്ഷണിതാക്കൾ എന്നിവരുണ്ട്. 15 വനിതകളും ശശി തരൂർ, സചിൻ പൈലറ്റ്, ഗൗരവ് ഗൊഗോയി, സുരേഷ് കൊടിക്കുന്നിൽ തുടങ്ങി പുതുമുഖങ്ങളും ഇക്കൂട്ടത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.