സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമീഷൻെറ ശാസന; ആവർത്തിച്ചാൽ കടുത്ത നടപടി

ന്യൂഡൽഹി: ഇന്ത്യയുടെ ജനസംഖ്യ വളർച്ചയിൽ മുസ്ലിംകളെ കുറ്റപ്പെടുത്തിക്കൊണ്ട് വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻെറ ശാസന. വീണ്ടും ഇത്തരം പ്രസ്താവനകൾ നടത്തിയാൽ ലഭ്യമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ബി.ജെ.പി എംപിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി.

നേരത്തേ വിവാദ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് കമീഷൻ എം.പിക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് തൻെറ പ്രസ്താവനയെ ന്യായീകരിക്കുന്ന തരത്തിലുള്ള മറുപടിയാണ് സാക്ഷി മഹാരാജ് കമീഷന് നൽകിയത്. തെരഞ്ഞെടുപ്പ് യോഗത്തിലോ പൊതുസ്ഥലത്തോ വെച്ചല്ല താനത് പറഞ്ഞതെന്നും ഒരു രഹസ്യ യോഗത്തിനിടെയാണ് പരമാർശം നടത്തിയെന്നും അതുകൊണ്ടുതന്നെ പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

എം.പിയുടെ മറുപടിയിൽ കമീഷൻ തൃപ്തരായിരുന്നില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുതയും വർഗിയതയും പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പെരുമാറുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻെറ ലംഘനമാണെന്ന് കമീഷൻ ഒാർമിപ്പിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ കർശന നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ജനുവരി നാലിന് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിരുന്നു. തൊട്ടടുത്ത ദിവസമാണ് എം.പി വിവാദ പ്രസ്താവന നടത്തിയത്.

Tags:    
News Summary - Election Commission censures BJP MP Sakshi Maharaj over his population control remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.