മുംബൈ: എൻ.സി.പിയുടെ തുടർച്ചാവകാശം ആർക്കെന്ന തർക്കം മുറുകവേ, തങ്ങൾക്ക് മുമ്പാകെ സമർപ്പിച്ച രേഖകൾ പരസ്പരം കൈമാറാൻ ശരദ് പവാറിനും അജിത് പവാറിനും നിർദേശം നൽകി തെരഞ്ഞെടുപ്പ് കമീഷൻ. മൂന്നാഴ്ചക്കകം ഇരുവിഭാഗവും രേഖകൾ കൈമാറണം. ഭാവിയിൽ സമർപ്പിക്കുന്ന രേഖകളും ഇത്തരത്തിൽ കൈമാറണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു.
യഥാർഥ എൻ.സി.പി തങ്ങളാണെന്ന് അവകാശപ്പെട്ട്, പാർട്ടിയിൽ വിമത നീക്കത്തിന് നേതൃത്വം നൽകിയ അജിത് പവാർ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയിരുന്നു. എൻ.സി.പി അധ്യക്ഷൻ താനാണെന്ന് അവകാശപ്പെട്ടാണ് കത്തെഴുതിയത്. പാർട്ടി പേരും ചിഹ്നമായ ക്ലോക്കും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നും അവകാശപ്പെട്ടിരുന്നു.
എന്നാൽ ഇതിനെതിരെ ശരദ് പവാർ രംഗത്തെത്തി. തന്‍റെ വാദം കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നു. യഥാർഥ എൻ.സി.പി തങ്ങളാണ്. ക്ലോക്ക് അടയാളം മറ്റാർക്കും തട്ടിപ്പറിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എൻ.സി.പിയുടെ 53ൽ 40ഓളം എം.എൽ.എമാർ തനിക്ക് ഒപ്പമുണ്ടെന്നാണ് അജിത്തിന്റെ വാദം. പാർട്ടിയെ പിളർത്തി അജിത് പവാർ ബി.ജെ.പി-ശിവസേന ഷിൻഡെ സഖ്യസർക്കാറിനൊപ്പം ചേർന്നതാണ് എൻ.സി.പിയെ കനത്ത പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവും ഒമ്പത് എം.എൽ.എമാർക്ക് മന്ത്രിസ്ഥാനവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.