ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാൾ ഡി.ജി.പിയെയും നീക്കി തെരഞ്ഞെടുപ്പ് കമീഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കിയത്. പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാറിനും സ്ഥാന ചലനമുണ്ടായി. കൂടാതെ, മിസോറം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപാർട്മെന്റ് സെക്രട്ടറിമാരെയും മാറ്റി.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി നടത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്ന് വർഷം പൂർത്തിയാക്കുകയോ സ്വന്തം ജില്ലയിൽ ഉള്ളവരോ ആയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും കമീഷൻ എല്ലാ സംസ്ഥാന സർക്കാരുകളോടും നിർദേശിച്ചിട്ടുണ്ട്.
അതോടൊപ്പം ബ്രിഹാൻമുംബൈ മുനിസിപ്പൽ കമീഷണർ ഇഖ്ബാൽ സിങ്, അഡീഷനൽ കമീഷണർമാർ, ഡെപ്യൂട്ടി കമീഷണർമാർ എന്നിവരെയും നീക്കി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ ഉത്തരവിട്ടു.
പശ്ചിമ ബംഗാളിൽ പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കാനായി വൈകീട്ട് അഞ്ചുമണിയോടെ മൂന്നുപേരുടെ പേരുകൾ നിർദേശിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. പുറത്താക്കപ്പെട്ട ഡി.ജി.പി രാജീവ് കുമാർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ കൂടി ഇപ്പോൾ ബി.ജെ.പി വിലക്കു വാങ്ങിയിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.