ന്യൂഡൽഹി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി നേതാവ് പർവേഷ് വർമ്മക്കും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ വിലക്ക്. അനുരാഗ് താക്കൂറിന് 72 മണിക്കൂറും (മൂന്ന് ദിവസം) പർവേഷ് വർമ്മക്ക് 96 മണിക്കൂറുമാണ് (നാല് ദിവസം) തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിലക്ക് ഏർപ്പെടുത്തിയത്.
നേരത്തെ, ഇരുവരെയും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചിരുന്നു.
രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തിൽ അനുരാഗ് താക്കൂർ മുഴക്കിയിരുന്നു. ഷഹീൻബാഗ് സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറിന്റെ പരാമർശം. ഇതിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തീവ്രവാദിയാണെന്ന പർവേഷ് വർമ്മയുടെ പ്രസ്താവന വിവാദത്തിന് വഴിവെച്ചിരുന്നു. ഡൽഹിയിൽ കെജ്രിവാളിനെ പോലെ നിരവധി തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്നും കശ്മീരിലെ തീവ്രവാദികളുമായി ഏറ്റുമുട്ടണോ, ഡൽഹിയിലെ തീവ്രവാദിയായ കെജ്രിവാളിനോട് ഏറ്റുമുട്ടണോ എന്ന് തനിക്ക് മനസിലാവുന്നില്ലെന്നുമായിരുന്നു പർവേഷിന്‍റെ പ്രസ്താവന.
ഷഹീൻബാഗിലെ പ്രതിഷേധക്കാരെ പർവേഷ് വർമ്മ ബലാത്സംഗ വീരൻമാരെന്നും കൊലപാതകികളെന്നും വിളിച്ചത് വൻ വിവാദമായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ ഷഹീൻബാഗിൽ ഒത്തുകൂടിയിട്ടുണ്ടെന്നും അവർ നിങ്ങളുടെ വീടുകളിൽ കയറി സഹോദരിമാരേയും പെൺകുട്ടികളേയും ബലാത്സംഗം ചെയ്യുമെന്നും ജനങ്ങൾക്ക് ഇപ്പോൾ തീരുമാനിക്കാം എന്നുമായിരുന്നു പർവേഷിന്‍റെ മറ്റൊരു പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.