ന്യൂഡൽഹി: രാജ്യസഭ ചെയറിനും സെക്രട്ടറി ജനറലിനും നേരെ റൂൾ ബുക്ക് എറിഞ്ഞതടക്കമുള്ള നാടകീയ രംഗങ്ങൾക്കിടയിൽ വോട്ടർ പട്ടികയിലെ പേര് ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പു പരിഷ്കരണ ബിൽ സർക്കാർ തിരക്കിട്ട് രാജ്യസഭയിലും പാസാക്കി. ബിൽ വോട്ടിനിടുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ക്രമപ്രശ്നം ഗൗനിക്കാതിരുന്നതിനെ തുടർന്ന് പ്രകോപിതനായ തൃണമൂൽ കോൺഗ്രസിെൻറ സഭാ നേതാവ് ഡെറിക് ഒബ്റേനാണ് വായിച്ച റൂൾ ബുക്ക് എടുത്ത് സെക്രട്ടറി ജനറലിനും ചെയർമാനും നേരെ എറിഞ്ഞത്.
ഇതു കൂടാതെ ബില്ലിനെ പിന്തുണച്ച് സംസാരിച്ച ജനതാദൾ യു നേതാവ് രാം ലാൽ ഠാക്കൂർ തനിക്കരികിലേക്ക് പ്രതിഷേധവുമായി വന്ന തൃണമൂൽ എം.പി മൗസം നൂറിൽ നിന്ന് പ്ലക്കാർഡ് ബലമായി പിടിച്ചുവാങ്ങി. റൂൾ ബുക്ക് എറിഞ്ഞതിനെ സർക്കാർ അപലപിച്ചതിന് പിറകെ നടപ്പുസമ്മേളനത്തിൽ നിന്ന് ഡെറിക് ഒബ്റേനെ സസ്പെൻഡ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തെരഞ്ഞെടുപ്പ് പരിഷ്കരണ ബിൽ പാസാക്കാൻ എടുത്തപ്പോൾ തന്നെ പ്രതിപക്ഷ പ്രതിഷേധം മൂർധന്യത്തിലായിരുന്നു.
ബിൽ പാർലമെൻറിെൻറ സ്ഥിരസമിതിക്ക് വിടണമെന്ന ആവശ്യത്തിനിടയിലായിരുന്നു കൈയാങ്കളിയെങ്കിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോകുന്ന വേളയിലായിരുന്നു ഡെറിക്കിെൻറ ഏറ്. രാഷ്ട്രപതിയുടെ മേലൊപ്പ് കൂടി ചാർത്തുന്നതോടെ വിവാദ ബിൽ നിയമമാകും. ലോക്സഭയിൽ ബില്ലിനെ എതിർത്തു വോട്ടുചെയ്ത ആന്ധ്രയിലെ വൈ.എസ്.ആർ കോൺഗ്രസും ഒഡിഷയിലെ ബിജു ജനതാദളും രാജ്യസഭയിൽ ബില്ലിനെ പിന്തുണച്ചു.
ബിൽ പാർലമെൻറിെൻറ സ്ഥിരസമിതിക്ക് വിടണമെന്ന ആവശ്യം തള്ളിയ ഉപാധ്യക്ഷൻ മന്ത്രിമാരായ പിയൂഷ് ഗോയലിെൻറയും ഭൂപേന്ദ്ര യാദവിെൻറയും നിർദേശ പ്രകാരം ബിൽ പാസാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയി. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച ഭേദഗതി വോട്ടിനിടാതിരിക്കുക കൂടി ചെയ്തതോടെ പ്രതിഷേധം കനത്തു.
ബെഞ്ചിലിരിക്കുന്ന അംഗങ്ങൾ വോട്ടിനിടാൻ പറയുമ്പോൾ അത് അംഗീകരിക്കണമെന്ന് തൃണമൂൽ സഭാ നേതാവ് ഡെറിക് ഒബ്റേൻ ഉപാധ്യക്ഷെൻറ ചെയറിനടുത്തു ചെന്ന് ആവശ്യപ്പെട്ടു.
തിരികെ തെൻറ സീറ്റിൽ വന്ന് ക്രമപ്രശ്നം ഉന്നയിച്ച ഡെറിക് ഒബ്റേൻ സഭ ക്രമത്തിൽ അല്ലാതെയും വോട്ടിനിടാനുള്ള അധികാരം അധ്യക്ഷന് നൽകുന്ന ചട്ടം വായിച്ചുകേൾപ്പിച്ചപ്പോഴും ചെയർ സമ്മതിച്ചില്ല. അതോടെ വായിച്ച റൂൾബുക്ക് ചെയറിനും സെക്രട്ടറി ജനറലിനും നേരെ എറിഞ്ഞ് ഡെറിക്കും മറ്റു തൃണമൂൽ അംഗങ്ങളും ഇറങ്ങിപ്പോയി. അതിന് പിന്നാലെ ഉപാധ്യക്ഷൻ ബിൽ ശബ്ദവോട്ടിനിട്ട് പാസാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. റൂൾബുക്ക് സെക്രട്ടറി ജനറലിന് തൊട്ടുമുന്നിൽ മേശയിൽ വന്നാണ് വീണത്. ഈ നടപടിയെ അപലപിച്ച കേന്ദ്ര മന്ത്രിമാരായ ഭൂപേന്ദ്ര യാദവും പിയൂഷ് ഗോയലും നടപടി ചട്ടവിരുദ്ധമാണെന്നും സഭയോടും രാജ്യത്തോടുമുള്ള അവഹേളനമാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.