ന്യൂഡൽഹി: ബി.ജെ.പിക്ക് കനത്ത പ്രഹരമേൽപിച്ച് ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾക്ക് വൻ മുന്നേറ്റം. നാല് ലോക്സഭ സീറ്റിലേക്കും കേരളത്തിലെ ചെങ്ങന്നൂർ ഉൾപ്പെടെ 11 നിയമസഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ െഎക്യനിരയുടെ പ്രതീക്ഷയായി. ബി.ജെ.പിയുടെ രണ്ടു ലോക്സഭ സീറ്റുകൾ പിടിച്ചെടുത്ത പ്രതിപക്ഷ പാർട്ടികൾ 11 നിയമസഭ സീറ്റുകളിൽ പത്തും സ്വന്തമാക്കി. 11 സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ മാത്രമാണ് ബി.ജെ.പിക്ക് നിലവിലെ സീറ്റ് നിലനിർത്താനായത്. രാജ്യം ഉറ്റുനോക്കിയ ഉത്തർപ്രദേശിലെ ൈകരാന ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ മൃഗങ്ക സിങ്ങിനെ നിലംപരിശാക്കി, സമാജ്വാദി പാർട്ടിയുടെയും കോൺഗ്രസിെൻറയും ബി.എസ്.പിയുടെയും പിന്തുണയോടെ മത്സരിച്ച രാഷ്ട്രീയ ലോക്ദളിെൻറ തബസ്സും ഹസൻ 44,618 വോട്ടുകൾക്ക് ജയിച്ചു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം യു.പിയിൽ ബി.ജെ.പിക്ക് നഷ്ടമാവുന്ന തുടർച്ചയായ മൂന്നാമത്തെ ലോക്സഭ സീറ്റാണിത്. മൃഗങ്ക സിങ്ങിെൻറ പിതാവ് ഹുക്കും സിങ്ങിെൻറ നിര്യാണത്തെ തുടർന്നാണ് കൈരാനയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നേരത്തേ ഗോരഖ്പുരിലും ഫുൽപുരിലും നടന്ന ഉപെതരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോറ്റിരുന്നു.
മഹാരാഷ്ട്രയിലെ പാൽഘർ ലോക്സഭ സീറ്റ് നിലനിര്‍ത്തിയ ബി.ജെ.പിക്ക് വിദര്‍ഭയിലെ ഭണ്ഡാര-ഗോണ്ടിയയിൽ തിരിച്ചടിയേറ്റു. ഭണ്ഡാരയില്‍ എൻ.സി.പിയുടെ മധുകര്‍ കുകഡെ 54,358 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ ഹേമന്ത് പട്ലയെ തോല്പിച്ചത്. കഴിഞ്ഞ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വഴിപിരിഞ്ഞ കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തിെൻറ തിരിച്ചുവരവു കൂടിയാണ് ഈ വിജയം. കേന്ദ്ര, സംസ്ഥാന ഭരണത്തില്‍ സഖ്യകക്ഷിയായ ശിവസേനയെയാണ് ബി.ജെ.പി പാൽഘറില്‍ തോല്പിച്ചത്. ബി.ജെ.പി സ്ഥാനാർഥി രാജേന്ദ്ര ഗാവിത് 29,574 വോട്ടിനാണ് ജയിച്ചത്. നാഗാലാൻഡിലെ ഏക ലോക്സഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ. പി പിന്തുണയുള്ള പീപ്ൾസ് ഡെമോക്രാറ്റിക് സഖ്യത്തിെൻറ തൊക്കേഹോ യെപ്തോമി നാഗാ പീപ്ൾസ് ഫ്രണ്ടിലെ അപോക് ജാമിറിനെ തോൽപിച്ചു. മഹാരാഷ്ട്രയിലെ പാലസ് കേഡഗാവ് മണ്ഡലത്തിൽ കോൺഗ്രസിെൻറ വിശ്വജിത് കദം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഉത്തർപ്രേദശിലെ നൂർപുർ നിയമസഭ മണ്ഡലവും ബി.ജെ.പിക്ക് നഷ്ടമായി. പ്രതിപക്ഷ െഎക്യനിരയിൽ മത്സരിച്ച സമാജ്വാദി പാർട്ടിയുടെ നഇൗമുൽ ഹസൻ 5678 വോട്ടിന് ബി.ജെ.പിയിലെ അവ്നി സിങ്ങിനെ തോൽപിച്ചു. പശ്ചിമ ബംഗാളിലെ മഹേഷ്തല മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. അവരുടെ ദുലാൽ ദാസ് 62,827 വോട്ടിന് ബി.ജെ.പിയിലെ സുജിത് കുമാർ ഘോഷിനെ തോൽപിച്ചു. പതിനായിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മാറ്റിവെച്ച കർണാടകയിലെ ആർ.ആർ നഗറിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറ്റിങ് എം.എൽ.എ മുനിരത്ന 25,492 വോട്ടുകളുടെ വ്യത്യാസത്തിന് ബി.ജെ.പിയുടെ തുളസി മുനിരാജു ഗൗഡയെ തോൽപിച്ചു. ഇതോടെ കർണാടകയിൽ ഭരണപക്ഷത്തിെൻറ അംഗബലം 117 ആയി ഉയർന്നു.ബിഹാറിലെ ജോകിഹത് മണ്ഡലത്തിൽ രാഷ്ട്രീയ ജനതാദളിെൻറ ഷാനവാസ് ആലം 41,000 വോട്ടിന് ജനതാദൾ യുനൈറ്റഡിലെ മുർഷിദ് ആലമിനെ തോൽപിച്ചു. ഉത്തരാഖണ്ഡിൽ മാത്രമാണ് ബി.ജെ.പിക്ക് നിലവിലെ സീറ്റ് നിലനിർത്താനായത്. ഇവിടെ തറാലി മണ്ഡലത്തിൽ മുന്നി ദേവി ഷാ 1900 വോട്ടിന് കോൺഗ്രസിലെ ജീത്റാമിനെ തോൽപിച്ചു.
പഞ്ചാബിലെ ഷാകോട്ട് മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അകാലിദളിെൻറ നാഇബ് സിങ് കോഹാറിനെ 43,944 വോട്ടിന് തോൽപിച്ച ഹർദേവ് സിങ് ലാദി കോൺഗ്രസിെൻറ സഭയിലെ സീറ്റുകളുടെ എണ്ണം മൂന്നിൽ രണ്ടാക്കി ഉയർത്തി. കഴിഞ്ഞ മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മത്സരിച്ചു വിജയിച്ച പ്രതിപക്ഷ നേതാവ് മുകുൽ സാങ്മ രാജിവെച്ച അമ്പാത്തിയിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മകൾ മിയാനി ഡി ഷിറ 3191 വോട്ടുകൾക്ക് എൻ.പി.പിയുടെ ക്ലിമൻറ് ജി. മോമിനെ തോൽപിച്ചു. ഇതോടെ 60 അംഗസഭയിൽ 21 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി.ഝാർഖണ്ഡിലെ രണ്ടു സീറ്റും ഝാർഖണ്ഡ് മുക്തിമോർച്ച നിലനിർത്തി.
യു.പിയിൽനിന്നുള്ള ഏക മുസ്ലിം എം.പിയായി തബസ്സും
ന്യൂഡൽഹി: രാജ്യത്തെ 22 കോടി ജനസംഖ്യയുടെ 18 ശതമാനം മുസ്ലിംകളുള്ള ഉത്തർപ്രദേശിൽനിന്ന് നിലവിലുള്ള ലോക്സഭയിലെത്തുന്ന ഏക മുസ്ലിം എം.പിയായി കൈരാനയിൽനിന്ന് വിജയിച്ച ബീഗം തബസ്സും ഹസൻ. 2014ലെ േലാക്സഭ തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ശക്തമായ ഹിന്ദു ധ്രുവീകരണം ലക്ഷ്യമിട്ട് ഒരു മുസ്ലിം സ്ഥാനാർഥിക്കും സീറ്റ് നൽകാൻ മോദിയും അമിത് ഷായും തയാറായിരുന്നില്ല. ബി.ജെ.പി 72 സീറ്റും തൂത്തുവാരിയ ലോക്സഭയിൽ ബാക്കി ജയിച്ചുവന്നവരിലും ഒരു മുസ്ലിം സ്ഥാനാർഥിപോലും ഉണ്ടായില്ല. സമാജ്വാദി പാർട്ടിയിൽനിന്ന് രാഷ്ട്രീയ ലോക്ദളിെൻറ ബാനറിലേക്ക് മാറി മത്സരിച്ച് ജയിച്ച തബസ്സും നികത്തിയത് ആ കുറവാണ്.
തെരഞ്ഞെടുപ്പു ഫലം; ബി.ജെ.പിയുടെ മുഖത്തേറ്റ അടി -ടി.ഡി.പി
അമരാവതി: ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണ് നാല് ലോക്സഭ മണ്ഡലങ്ങളിലും 11 നിയമസഭ മണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പ് ഫലമെന്ന് തെലുഗുദേശം പാർട്ടി. നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണിതെന്നും ബി.ജെ.പിയുടെ മുൻ സഖ്യകക്ഷി കൂടിയായ ടി.ഡി.പി അഭിപ്രായപ്പെട്ടു.
‘ബി.ജെ.പിയുടെ പരാജയം രാജ്യത്തിെൻറ യഥാർഥ മനോഭാവത്തിെൻറ പ്രതിഫലനമാണ്. കേവലം അഞ്ചുവർഷംകൊണ്ട് മോദിയുഗം അവസാനിക്കാൻ പോകുകയാണ്’ ടി.ഡി.പി പോളിറ്റ് ബ്യൂറോ മെംബർ യനമല രാമകൃഷ്ണുഡു പ്രസ്താവനയിൽ വ്യക്തമാക്കി. പരാജയം ബി.ജെ.പിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. രാജ്യത്തുടനീളമുള്ള ശക്തമായ ബി.ജെ.പിവിരുദ്ധ വികാരം പ്രതിപക്ഷ പാർട്ടികളുടെ െഎക്യത്തിന് അടിത്തറയിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പെട്രോളിയം വിലവർധന, ദലിത്, കർഷക പ്രശ്നങ്ങൾ തുടങ്ങിയ ജനകീയ വിഷയങ്ങൾ അഭിമുഖീകരിക്കാൻ ബി.ജെ.പി തയാറാവാത്തതാണ് ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്ന് ജെ.ഡി.യു വക്താവ് കെ.സി. ത്യാഗി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.