ഇലക്ടറൽ ബോണ്ട്; സുപ്രീം കോടതി ഇന്ന് നിർണായക വാദം കേൾക്കും

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് നിർണായക വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കോൺഗ്രസ് നേതാവ് ജയ താക്കൂറും സി.പി.എമ്മും സമർപ്പിച്ചത് ഉൾപ്പെടെ നാല് ഹരജികൾ പരിഗണിക്കുന്നത്.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് ലളിതമായി പറഞ്ഞാൽ ഇലക്ടറൽ ബോണ്ടുകൾ. 2018 ജനുവരി 2 ന് സർക്കാർ വിജ്ഞാപനം ചെയ്ത ഈ പദ്ധതി രാഷ്ട്രീയ ഫണ്ടിംങിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ്. പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകയ്ക്കുള്ള ഇലക‌്ടറല്‍ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നൽകാം. ആയിരം, പതിനായിരം, ഒരു ലക്ഷം പത്ത് ലക്ഷം എന്നിങ്ങനെയാണ് ബോണ്ടുകളുടെ മൂല്യം.

ആരാണ് പണം നൽകേണ്ടത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുണ ജെയ്റ്റ്‍ലിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. പലിശ രഹിതമാണ് എന്നതിന് പുറമേ നിലവിലെ സാഹചര്യത്തിൽ ബോണ്ടുകൾ തിരിച്ചു നൽകി പണം വാങ്ങാനും സാധിക്കില്ല. 2018 മാർച്ച് 18 -നാണ് ഈ ഫിനാൻസ് ബിൽ ഒരു ചർച്ചയുമില്ലാതെ പാസാക്കിയത്.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്‍റെ സെക്ഷൻ 29 എ അനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികൾക്ക് മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ കഴിയൂ. എറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ടെങ്കിലും നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. സംഭാവന വാങ്ങുന്ന ബാങ്ക് അക്കൗണ്ട് ഇലക്ഷൻ കമ്മീഷൻ അംഗീകൃതമായിരിക്കണമെന്നും നിബന്ധനയുണ്ട്. ഒരു അക്കൗണ്ട് മാത്രമേ ഇതിനായി ഉപയോഗിക്കാനും പാടുള്ളൂ.

രാഷ്ട്രീയ പാര്‍ടികൾക്കുള്ള സംഭാവനകൾ ബാങ്ക് വഴി നൽകുന്ന സംവിധാനം കള്ളപ്പണം തടയാൻ വേണ്ടിയാണെന്നും സംഭാവന ചെയ്യുന്നവരെ സംരക്ഷിക്കുകയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ആവശ്യകതയെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ വാദം.

Tags:    
News Summary - Electoral Bond; The Supreme Court will hear a crucial hearing today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.