മഹായുതി സഖ്യത്തിലെ പ്രധാന നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർ

മഹാരാഷ്ട്ര: ഷിൻഡെ അയഞ്ഞില്ല; മുഖ്യമന്ത്രി തീരുമാനം നീളുന്നു

മുംബൈ: മുഖ്യമന്ത്രി പദത്തിനായുള്ള അവകാശവാദത്തിൽനിന്ന് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന പിന്മാറാത്തതിനെ തുടർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം നീളുന്നു. ബുധനാഴ്ച രാവിലേക്കകം തീരുമാനമുണ്ടാകുമെന്ന് ഷിൻഡെ പക്ഷ നേതാവ് സഞ്ജയ് ഷിർസാട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനിച്ചെങ്കിലും ഷിൻഡെ പക്ഷത്തിന് സമ്മതമല്ല. ബിഹാർ മാതൃക, രണ്ടര വർഷം വീതം പങ്കുവെക്കൽ അടക്കം നിർദേശം വെച്ച് അവർ സമ്മർദം തുടരുകയാണ്. മറാത്തകൾ ആഗ്രഹിക്കുന്നത് ഷിൻഡെ മുഖ്യമന്ത്രിയാകാനാണെന്ന് ശിവസേന വാദിക്കുന്നു. ‘മുഖ്യമന്ത്രിയുടെ ലഡ്കി ബെഹൻ’ പദ്ധതിയാണ് മഹായുതിയുടെ ജയത്തിന് പിന്നിലെന്ന വാദവുമുന്നയിക്കുന്നു.

ഷിൻഡെയെ പിണക്കാൻ ബി.ജെ.പിക്കു കഴിയില്ല. വരുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ അതു തിരിഞ്ഞുകുത്തുമെന്ന ആശങ്കയാണ് കാരണം. അജിത് പവാർ പക്ഷ എൻ.സി.പിയും മറ്റ് അഞ്ച് എം.എൽ.എമാരും ഫഡ്നാവിസിനെയാണ് പിന്തുണക്കുന്നത്.

അതേസമയം, ധനകാര്യം, നഗരവികസനം അടക്കമുള്ള പ്രധാന വകുപ്പുകൾക്കായി ഷിൻഡെ പക്ഷം സമ്മർദം ചെലുത്തുകയാണെന്ന സൂചനയുമുണ്ട്. ഫഡ്നാവിസ്, ഷിൻഡെ, അജിത് എന്നിവരുടെ സംയുക്ത ചർച്ചക്ക് ശേഷം ബി.ജെ.പി കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കും.

അതിനിടെ, മുഖ്യമന്ത്രി പദത്തിൽനിന്ന് ഷിൻഡെ രാജിവെച്ചു. ഉപമുഖ്യമന്ത്രിമാരായിരുന്ന അജിത്, ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചൊവ്വാഴ്ച ഗവർണർ സി.പി. രാധാകൃഷ്ണനു രാജി സമർപ്പിച്ചത്. പുതിയ സർക്കാർ നിലവിൽ വരുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരും. 288ൽ 230 സീറ്റുകളാണ് ബി.ജെ.പിയും (132), ഷിൻഡെ പക്ഷവും (57), അജിത് പക്ഷവും (41) ചേർന്ന മഹായുതി നേടിയത്.

Tags:    
News Summary - Maharashtra CM News Highlights: Shinde or Fadnavis? Suspense over CM face continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.