ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടില്ലെങ്കിൽ കൈക്കൂലി നൽകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അത് പണമായി നൽകേണ്ടി വരും എന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് ബോണ്ട് വന്നതോടെ കൈക്കൂലി വെള്ളപ്പണമായി ഔദ്യോഗിക ചാനലിലൂടെ വരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഇത് കൈക്കൂലിയെ നിയമപരമാക്കുകയാണ് ചെയ്യുന്നതെന്ന് കോടതി ഖണ്ഡിച്ചു.
സങ്കീർണമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ പ്രായോഗികമായി അത്രക്ക് ആദർശശാലികളാകാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സംഭാവന നൽകുന്നവർ ചെയ്യുന്നത് അവരുടെ ബിസിനസാണ്. അവരുടെ തീരുമാനങ്ങളെല്ലാം ബിസിനസ് കേന്ദ്രീകൃതവുമാണ്. വിപണിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സംഭാവന നൽകുന്നതിൽ സ്ഥാപനങ്ങളും കരാറുകാരും വ്യക്തികളുമുണ്ടാകും. അവർക്ക് അവരുടെ ബിസിനസ് രീതിയും രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന രീതിയുമറിയാം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവർ സ്വന്തം താൽപര്യമാണ് നോക്കുക. അവർ ഒരു ജീവകാരുണ്യപ്രവർത്തനമല്ല നടത്തുന്നത്. അവർ ചെയ്യുന്നത് അവരുടെ ബിസിനസാണ്. ഓരോ രാഷ്ട്രീയ പാർട്ടിക്കും അവരുടെ നയപരിപാടികളുണ്ടാകും. അവരുടേതായ പ്രവർത്തന രീതിയുമുണ്ടാകും. ഒരു പാർട്ടി സർക്കാറുണ്ടാക്കിയാൽ അത് തങ്ങൾക്ക് പ്രയോജനപ്രദമാകുമെന്ന് അവർ കരുതുന്നുണ്ടാകും.
തുകയിൽ വ്യത്യാസമുണ്ടാകാമെങ്കിലും വലിയ സംഭാവനക്കാർ പ്രസക്തിയുള്ള എല്ലാ പാർട്ടികൾക്കും സംഭാവന ചെയ്യും. കൂടുതൽ സംഭാവന ഭരണകക്ഷിക്ക് ലഭിക്കുന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ടിന് മുമ്പും രീതിയെന്ന് 2004-05 മുതൽ 2014-15 വരെയുള്ള സംഭാവനകളുടെ കണക്ക് വെച്ച് എസ്.ജി വാദിച്ചു.
കള്ളപ്പണം എന്തുകൊണ്ടാണ് രാഷ്ട്രീയ സംഭാവനക്ക് ഉപയോഗിക്കുന്നത് എന്നതാണ് വിഷയത്തിന്റെ അടിസ്ഥാനം. രണ്ട് പാർട്ടികൾ തമ്മിൽ കടുത്ത മൽസരം നടക്കുന്ന ഒരു തെരഞ്ഞെടുപ്പിൽ ഒരാൾ സംഭാവന നൽകിയ പാർട്ടി അകാരത്തിൽ വന്നില്ലെങ്കിൽ പ്രതികാര നടപടിക്ക് ഇരയാക്കപ്പെടുമെന്ന ഭയം അയാൾക്കുണ്ടാകും. അത് കൊണ്ടാണ് ആളുകൾ ചെക്കിന് പകരം പണമായി കാശ് നൽകുന്നത്. അപ്പോൾ ആരാണ് നൽകിയതെന്നറിയാത്തതിനാൽ ഇരുപാർട്ടികൾക്കും പ്രശ്നമില്ല. തെരഞ്ഞെടുപ്പ് ബോണ്ട് 100 ശതമാനം കുറ്റമറ്റതല്ലായിരിക്കാമെന്നും അഞ്ച് ശതമാനം ദുരുപയോഗം ചെയ്യുന്നവരുണ്ടാകാമെന്നും എസ്.ജി സമ്മതിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് ബോണ്ട് ഇല്ലാതാക്കിയാൽ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.