ന്യൂഡൽഹി: പ്രവാസികൾക്ക് പ്രോക്സി വോട്ടിന് പകരം ഇലക്ട്രോണിക് തപാൽ വോട്ട് നടപ്പാക്കാനുള്ള ശിപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിയമ മന്ത്രാലയത്തിന് സമർപ്പിച്ചു.
കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ട് ഏർപ്പെടുത്താൻ ഒരുക്കമാണെന്നും കമീഷൻ അറിയിച്ചു.
പ്രവാസികളുടെ വോട്ടിനായി ഇലക്ട്രോണിക് രൂപത്തിലുള്ള തപാൽ ബാലറ്റ് സംവിധാനം (ഇ.ടി.പി.ബി.എസ്) ഒരുക്കാൻ സാങ്കേതികമായും ഭരണപരമായും തയാറാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സമർപ്പിച്ച ശിപാർശയിൽ വ്യക്തമാക്കി. നിലവിൽ സർവിസ് വോട്ടർമാർക്ക് മാത്രം അനുവദിച്ച ഇ.ടി.ബി.പി.എസ് രീതിയനുസരിച്ച് ഇലക്ട്രോണിക് രൂപത്തിൽ അയക്കുന്ന പോസ്റ്റൽ ബാലറ്റ് സാധാരണ തപാലിൽ തിരിച്ചയക്കുകയാണ് ചെയ്യാറുള്ളത്.
പ്രവാസിക്ക് പകരം അയാൾ ചുമതലപ്പെടുത്തുന്നയാൾ വോട്ടു ചെയ്യുന്ന 'പ്രോക്സി വോട്ട്' രീതിയോ പോസ്റ്റൽ ബാലറ്റുകളോ വിദേശ ഇന്ത്യക്കാർക്ക് പരിഗണിക്കാമെന്ന നിലപാടിലായിരുന്നു നേരത്തെ കമീഷൻ. രാഷ്ട്രീയ പാർട്ടികളുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് കമീഷൻ കേന്ദ്ര സർക്കാറിനെ ഇക്കാര്യം അറിയിച്ചിരുന്നത്.
ഇതേത്തുടർന്ന് പ്രോക്സി വോട്ടിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് മോദി സർക്കാർ കൊണ്ടു വന്ന ബിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭ പാസാക്കുന്നതിന് മുെമ്പ 16ാം ലോക്സഭ പിരിച്ചുവിട്ടതിനാൽ ആ ബിൽ അസാധുവായി. അതിന് ശേഷം ഇപ്പോഴാണ് പ്രോക്സി വോട്ട് ഒഴിവാക്കി പകരം ഇലക്ട്രോണിക് തപാൽ വോട്ടിനുള്ള ശിപാർശ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.