മുംബൈ: സ്റ്റേഷനിൽ എത്തിയിട്ടും വാതിൽ തുറക്കാതെ ട്രെയിൻ. മുംബൈയിലെ ദാദർ സ്റ്റേഷനിലാണ് പ്ലാറ്റ് ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിക്കാതെ വന്നത്.
സംഭവത്തെ തുടർന്ന് ട്രെയിൻ മാനേജരായ ഗോപാൽ ധാകെയെ സെൻട്രൽ റെയിൽവേ സസ്പെൻഡ് ചെയ്തു. ദാദർ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ട്രെയിൻ രാവിലെ 10:05ന് ആണ് ദാദറിൽ എത്തിയത്. ഒരു മിനിറ്റ് നിർത്തിയ ശേഷം വാതിലുകൾ തുറക്കാതെ 10:06ന് പുറപ്പെടുകയും ചെയ്തു.
മുംബൈ സബർബൻ സെക്ഷനിലെ ടിറ്റ്വാല-സി.എസ്.എം.ടി എയർകണ്ടീഷൻഡ് ട്രെയിനിലാണ് വാതിൽ തുറക്കാൻ ഗാർഡ് മറന്നത്. സ്റ്റേഷനിൽ നിർത്തിയെങ്കിലും വാതിലുകളടച്ചതിനാൽ യാത്രക്കാർക്ക് ഇറങ്ങാനായില്ല. ട്രെയിൻ വീണ്ടും നീങ്ങാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ അടുത്ത സ്റ്റേഷനായ പരേലിൽ ഇറങ്ങുകയായിരുന്നു.
‘ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ തങ്ങൾ ഉചിതമായ നടപടിയെടുക്കും’, സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർകണ്ടീഷൻ ചെയ്ത ലോക്കൽ ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ ക്ലോസർ സിസ്റ്റമാണ് സജ്ജീകരിച്ചത്.
ഈ വാതിലുകളുടെ കൺട്രോൾ പാനൽ ട്രെയിൻ മാനേജരുടെ ക്യാബിനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ മാനേജരാണ് വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. എന്നാൽ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിക്കുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ അധികൃതർ മാനേജരെ ഉടൻതന്നെ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.