ന്യൂഡൽഹി: മുത്തലാഖ് അസാധുവാക്കിയ സുപ്രീം കോടതി ഉത്തരവ് ഇറങ്ങി അഞ്ച് വർഷം കഴിഞ്ഞിട്ടും പരാതിക്കാരായ സ്ത്രീകൾ തനിച്ച് താമസിക്കുന്നു. വിവാഹമോചനം സാധുവല്ലെന്ന് കോടതി പറഞ്ഞിട്ടും ഭർത്താക്കന്മാർ അവരെ തിരിച്ചെടുത്തില്ലെന്ന് മാത്രമല്ല വേറെ വിവാഹം കഴിച്ച് കുടുംബമായി കഴിയുന്നു. മുത്തലാഖിലൂടെ (മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലൽ) വിവാഹമോചനം നടത്തിയത് കോടതി ഉത്തരവിലൂടെ റദ്ദായെങ്കിലും പ്രയോഗികമായി അവർക്ക് ഇണയെ തിരികെ ലഭിച്ചില്ല. ബന്ധം വേർപെടുത്താനുള്ള സ്ത്രീകളുടെ അവകാശം (ഖുൽഅ) ഉപയോഗപ്പെടുത്താൻ ഇവർ തയാറുമല്ല. ബന്ധം വേർപെടാതിരിക്കാനാണ് അവർ നിയമപോരാട്ടം നടത്തിയത്.
''കുട്ടികളെ കൂടെ ലഭിക്കാനാണ് തന്റെ പോരാട്ടം. അവരോടൊന്ന് ഫോണിൽ സംസാരിക്കാൻ പോലും കഴിയുന്നില്ല. കോടതിയിലായിരുന്നു മക്കളെ കാണാനുള്ള ഏക അവസരം. കോവിഡ് കാലത്ത് ഹിയറിങ് ഓൺലൈനാക്കിയതോടെ ആ അവസരവും നഷ്ടമായി'' -നിർണായക നിയമപോരാട്ടം നടത്തിയ സൈറ ബാനു പറയുന്നു. കേസിന് പോയതോടെ സ്വദേശമായ കാശിപൂരിൽനിന്ന് സാമൂഹിക ബഹിഷ്കരണം കാരണം നാടുവിടേണ്ടി വന്നിരുന്നു ഇവർക്ക്.
ദുബൈയിലുള്ള ഭർത്താവ് ഫോണിലൂടെ വിവാഹ മോചനം നടത്തിയതിനെതിരെ കേസ് നൽകിയ ഇഷ്റത് ജഹാന്റെയും അവസ്ഥ മറ്റൊന്നല്ല. എല്ലാവരും സുപ്രീം കോടതി ഉത്തരവിനെ പ്രകീർത്തിന്നുവെങ്കിലും തനിക്കൊന്നും ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. ''ഫോണിലൂടെ മൂന്നുവട്ടം തലാഖ് എന്ന് പറയുകയല്ലാതെ ഒരു കടലാസ് കഷണം പോലും അദ്ദേഹം തന്നിട്ടില്ല. എനിക്ക് അദ്ദേഹത്തിനരികിലേക്ക് പോകാനും കഴിയുന്നില്ല. അദ്ദേഹം വേറെ വിവാഹം കഴിച്ച് കുട്ടിയും കുടുംബവുമായി കഴിയുകയാണ്'' ഇഷ്റത് ജഹാൻ പറഞ്ഞു.
മറ്റു രണ്ട് പരാതിക്കാരായ ഗുൽഷൻ പർവീനും ആഫ്രീൻ റഹ്മാനും സമാനമായ ദുഃഖം പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.