അജ്മൽ കസബിനും ന്യായമായ വിചാരണ ലഭിച്ചു; യാസിൻ മാലിക് കേസിൽ സി.ബി.ഐയോട് സുപ്രീംകോടതി

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനും പോലും ന്യായമായ വിചാരണ ലഭിച്ച സ്ഥലമാണ് ഇന്ത്യയെന്ന് സുപ്രീംകോടതി. വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് നേരിട്ട് ഹാജരാവാനുള്ള അനുമതി നൽകിയതിനെതിരായുള്ള സി.ബി.ഐ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം. ജമ്മുകശ്മീർ കോടതിയുടെ ഉത്തരവിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.

1990ൽ നാല് എയർഫോഴ്സ് ഓഫീസർമാരെ കൊലപ്പെടുത്തുകയും 1989ൽ റുബിയ സയീദിനെ തട്ടികൊണ്ടു പോവുകയും ചെയ്ത സംഭവത്തിലാണ് യാസീനെതിരെ കേസ്. ഇതിന്റെ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നായിരുന്നു യാസീന്റെ ആവശ്യം. ഇത് ജമ്മുകശ്മീർ കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിനെതിരെയാണ് സി.ബി.ഐയുടെ അപ്പീൽ.

നിലവിൽ ഭീകരപ്രവർത്തനത്തിന് പണം നൽകിയ കേസിൽ യാസീൻ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. അതേസമയം, യാസീൻ ജമ്മുകശ്മീരിലേക്ക് എത്തുന്നത് സംസ്ഥാനത്തെ അന്തരീക്ഷം മാറ്റുമെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു.

ജസ്റ്റിസ് എ.എസ് ഓക, എ.ജി മാഷിഷ് എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. യാസീൻ മാലിക്കിനെ ജമ്മു കശ്മീരിലേക്ക് കൊണ്ട് പോകണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ലെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ തുഷാർ മേത്ത വാദിച്ചു. ഡൽഹിയിൽ യാസീനിന്റെ വിചാരണ നടത്തണമെന്നും സി.ബി.ഐ വ്യക്തമാക്കി.

Tags:    
News Summary - "Even Ajmal Kasab Got Fair Trial": Supreme Court In Yasin Malik Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.