ലഖ്നോ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിനു നേരെ വെടിയുതിർത്തതിന് അഞ്ചു മാസം ജയിലിൽ കഴിഞ്ഞിട്ടും പ്രതിയായ ബി.ജെ.പി പ്രവർത്തകൻ സച്ചിൻ പണ്ഡിറ്റിന് കുറ്റബോധത്തിന്റെ തരിമ്പുപോലുമില്ല. പകരം ഉവൈസിക്കു നേരെ ഭീഷണി തുടരുകയാണ് സച്ചിൻ. തൂക്കിക്കൊന്നാലും താനതിൽ മാപ്പു പറയില്ലെന്നാണ് സച്ചിൻ ആവർത്തിക്കുന്നത്. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വരെ വധിക്കപ്പെട്ടു. ഒരാൾക്കും ഇത്ര അഹമ്മതി പാടില്ല... ഇതൊന്ന് ബോധ്യപ്പെടുത്താനാണ് താൻ ശ്രമിച്ചതെന്നും സച്ചിൻ പറഞ്ഞു.
സർവ അധികാരങ്ങളുമുള്ള ശക്തരായിരുന്നു ഇന്ദിരയും രാജീവും. എപ്പോഴും അംഗരക്ഷകരുടെ അകമ്പടിയോടെ ആണവർ പുറത്തിറങ്ങിയിരുന്നത്. എന്നാൽ മരണസമയത്ത് ഒന്നിനും അവരെ രക്ഷിക്കാൻ കഴിഞ്ഞില്ല. നിരവധി ആളുകൾ ചെയ്ത കാര്യത്തിൽ പശ്ചാത്തപിക്കണം എന്നാവശ്യപ്പെട്ട് എനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവർ എന്നെ തൂക്കിക്കൊന്നേക്കാം. ഞാനത് കാര്യമാക്കുന്നില്ല. എന്നാൽ മാപ്പുപറയുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഈ ഭൂമിയിൽ ദൈവത്തേക്കാൾ വലിയ മറ്റൊരു ശക്തിയില്ല. അതിനാൽ ഇക്കാര്യത്തിൽ ഞാൻ മാപ്പു പറയില്ല. -സച്ചിൻ വ്യക്തമാക്കി.
വെടിവെപ്പിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നിയമപ്രശ്നങ്ങളുള്ളതിനാൽ സച്ചിൻ പറഞ്ഞില്ല. വധശിക്ഷക്കു വിധേയനായിട്ടില്ലായിരുന്നുവെങ്കിൽ ആരെങ്കിലും ഭഗത്സിങ്ങിനെ കുറിച്ച് ഓർക്കുമായിരുന്നോ എന്നും സച്ചിൻ ചോദിച്ചു.
ഉവൈസി നമ്മുടെ പാരമ്പര്യം മനസിലാക്കണം. ഇന്ത്യക്കാർ എല്ലാവും ഹിന്ദുക്കളായിരുന്നു. സനാതന ധർമം പിൻപറ്റിയവർ. പിന്നീടവർ മുസ്‍ലിംഗങ്ങളായി. എന്നാലും ഇന്ത്യക്കാർ രാമന്റെ സന്തതിപരമ്പരകളിൽ പെട്ടവരാണ്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് ഉവൈസിക്കു നേരെ വെടിയുതിർക്കാൻ കാരണമെന്നും സച്ചിൻ വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഉവൈസിക്ക് മോദിയെയും ബി.ജെ.പിയെയും വിമർശിക്കാം. കുഴപ്പമില്ല. എന്നാൽ അദ്ദേഹം എല്ലാ അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു. മോദിയെയും യോഗിയെയും നിന്ദിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവരാണെങ്കിലും അവർക്കും ഒരു കുടുംബമുണ്ടെന്ന് ഓർക്കണം. അവരെ അപമാനിച്ച് സംസാരിക്കാൻ പാടില്ല. -സച്ചിൻ പറഞ്ഞു.
പ്രധാനമന്ത്രി നന്ദ്രേമോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും കടുത്ത വിമർശകനാണ് ഉവൈസി.ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയപ്പോഴാണ് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.