പ്രധാനമന്ത്രി പോലും ആർ.എസ്.എസിനെ കാര്യമായി എടുത്തിട്ടില്ല, പിന്നെ എന്തിന് നമ്മൾ ചെയ്യണം - കോൺ​ഗ്രസ് വക്താവ്

ന്യൂഡൽഹി: ആർ.എസ്.എസിനെ ​ഗൈരവമായി കണക്കാക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. ബി.ജെ.പി നേതൃത്വത്തെയും ഇൻഡ്യ സഖ്യത്തെയും വിമർശിച്ച് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോൺ​ഗ്രസിന്റെ പരാമർശം.

”ആർ.എസ്.എസിനെ ആരാണ് ​ഗൗരവമായി കണക്കാക്കുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ആർ.എസ്.എസിനെ കാര്യമായി എടുത്തിട്ടില്ല. പിന്നെ എന്തിന് നമ്മൾ ചെയ്യണം? സംസാരിക്കേണ്ട സമയത്ത് ഇന്ദ്രേഷ് കുമാർ സംസാരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ വാക്കുകളെ എല്ലാവരും ​ഗൗരവമായി പരി​ഗണിച്ചേനെ. എന്നാൽ അന്ന് അവർ അധികാരം ആസ്വദിച്ചു,” കോൺ​ഗ്രസ് വക്താവ് പവൻ ഘേര പറഞ്ഞു.

അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം മോശമായതെന്ന് ജയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെ കുമാർ പറഞ്ഞിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 241 സീറ്റും പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 234 സീറ്റുമാണ് ലഭിച്ചത്.

നേരത്തെ ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും വിമർശനം ഉന്നയിച്ചിരുന്നു. യഥാർഥ സേവകൻ ജോലിയിൽ കൃത്യനിഷ്ഠപുലർത്തുമെന്നും അഹങ്കാരം കാണിക്കില്ലെന്നുമായിരുന്നു ഭാഗവതിന്റെ പ്രസ്താവന. മണിപ്പൂരിൽ നടക്കുന്ന കലാപം അവസാനിപ്പിക്കാൻ ഇടപെടലുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Even PM Modi does not take RSS seriously’: Congress reacts to Indresh Kumar's remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.