ഒരു കാലത്ത് മധ്യപ്രദേശിനെയും രാജ്യത്തെത്തന്നെയും വിറപ്പിച്ചിരുന്ന ചമ്പൽ കാടുകളിലെ കൊള്ള വർഷങ്ങൾക്കുമുമ്പ് നിലച്ചു. ഫൂലൻ ദേവി, ഖബ്ബർ, ദുദുവാ, പാൻ സിങ്, മൽഖാൻ സിങ്, മാധവ് സിങ് തുടങ്ങിയ ചമ്പൽ കൊള്ളക്കാരുടെ തോക്കുകളുടെ ഗർജനവും നിലച്ചു.
അവർ ഹിംസ വെടിഞ്ഞ് കീഴടങ്ങിയിട്ട് മൂന്നും നാലും ദശകങ്ങൾ കഴിഞ്ഞു. എങ്കിലും ചമ്പൽ മേഖലയിൽ കോൺഗ്രസിനും ബി.ജെ.പിക്കുമെല്ലാം താരപ്രചാരണത്തിന് ഇന്നും പഴയ ചമ്പൽക്കൊള്ളക്കാർ വേണം. ചമ്പൽ മേഖലയിൽ ഇപ്പോഴും അവർക്കുള്ള സ്വാധീനമാണ് കാരണം.
ചമ്പൽകാർക്ക് ഇപ്പോഴും ആ കൊള്ളക്കാരോടുള്ള താരാരാധന വോട്ടർമാരുടെ പേരിൽ കാണാം. 2600 ഖബ്ബറുമാരും 2400 മൽഖാൻ സിങ്ങുമാരും 1600 പാൻസിങ്ങുമാരും 1600 ഫൂലൻ ദേവിമാരും ഈ മേഖലയിൽ വോട്ടർമാരായുണ്ട്. പല മുൻ കൊള്ളക്കാരും ജനപ്രതിനിധികളായി ജയിച്ചുകയറിയ ഗ്വളിയോർ-ചമ്പൽ മേഖലയിൽ നിന്ന് ഇക്കുറി സ്ഥാനാർഥികളായി ആരുമില്ലെങ്കിലും താരപ്രചാരകരായി അവരുണ്ട്.
രണ്ടുമാസം മുമ്പ് കീഴടങ്ങിയ മുൻ ചമ്പൽ കൊള്ളക്കാരൻ മൽഖാൻ സിങ്ങിനെ കമൽനാഥ് ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്കാനയിച്ചു. എസ്.പിയിലായിരുന്ന മുൻ കൊള്ളക്കാരൻ രമേശ് സികർവാർ ബി.ജെ.പിയിലേക്കും വന്നു.
ചമ്പലിലെ കുന്നുകളും കാടുകളും ഇവർ അടക്കിവാണത് ’60കളിലായിരുന്നു. ഏറ്റവും അപകടകരമായ മേഖലയായി ചമ്പലിനെ രാജ്യം ഭയന്നിരുന്ന കാലം. കൊള്ളയുടെയും കവർച്ചയുടെയും ഹിംസയുടെയും കഥകൾ കേട്ടവർക്ക് ചമ്പൽ മേഖലവഴി കടന്നുപോകാൻ പോലും പേടിയായിരുന്നു.
അക്കാലത്ത് തലക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മൊഹർ സിങ്, ഒന്നര ലക്ഷം രൂപ ഇനാമുണ്ടായിരുന്ന മാധവ് സിങ്, തൊട്ട് അഭ്രപാളികളിലെത്തിയ ഫൂലൻ ദേവി വരെയുള്ള കീഴടങ്ങിയ കൊള്ളക്കാരുടെ കഥകൾ കേട്ടവരേറെ.
ഒരു ദശകം നീണ്ട ഹിംസക്കൊടുവിൽ ആയുധം വെച്ച് കീഴടങ്ങിയ ചമ്പൽ ക്കൊള്ളക്കാരൻ ബഹാദൂർ സിങ്, ചമ്പലിൽവന്ന് ഗാന്ധി ആശ്രമം സ്ഥാപിച്ച് കൊള്ളക്കാരെ അഹിംസയിലേക്കാനയിച്ച ഡോ. എം.എസ്. സുബ്ബറാവുവിനുമുന്നിൽ കീഴടങ്ങിയ തന്റെ കഥ അതേ ഗാന്ധി ആശ്രമത്തിലിരുന്ന് പറഞ്ഞു:
22ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ അനന്തരാവകാശമായി കിട്ടേണ്ട കൃഷിഭൂമി കൈവശപ്പെടുത്തി മുത്തച്ഛൻ ഹരിറാമും ഗുണ്ടയായ മകൻ പത്തുറാമും വല്ലാതെ പ്രയാസപ്പെടുത്തി. കൃഷി ചെയ്തു ജീവിച്ച തനിക്ക് ജീവിക്കാൻ മറ്റു വഴികളില്ലായിരുന്നു. തങ്ങൾക്ക് അർഹതപ്പെട്ട കൃഷിഭൂമി ചോദിച്ച് പലതവണ ചെന്നിട്ടും തരില്ലെന്ന് തീർത്തുപറഞ്ഞു.
സർപഞ്ചിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് ചേർന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ചമ്പൽ കൊള്ളസംഘത്തലവൻ മാധവ് സിങ് അർവിലാസിന്റെ അടുത്തുചെന്ന് തന്റെ നിസ്സഹായാവസ്ഥ പറഞ്ഞ്, തന്നെ സംഘത്തിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടു.
മാധവ് സിങ്ങിനുകീഴിൽ കൊള്ളയും ഹിംസയും നടത്തി രണ്ടുവർഷമായപ്പോൾ വീണ്ടും മുത്തച്ഛന്റെ മകന്റെ അടുക്കൽ ചെന്ന് താൻ കൊള്ളസംഘത്തിലാണെന്നും തന്റെ വിഹിതം വിട്ടുതരണമെന്നും ആവശ്യപ്പെട്ടെങ്കിലും അവൻ കുലുങ്ങിയില്ല. കൊള്ളക്കാർ എന്നുംപറഞ്ഞ് പലരും നടക്കുമെന്നും അവരൊന്നും തങ്ങളെ ഒന്നും ചെയ്യില്ലെന്നും പറഞ്ഞ് വീണ്ടും അവൻ തിരിച്ചയച്ചു. ഭൂമിയിലെ വിഹിതം വിട്ടുതരാതെ രണ്ടുവർഷം വീണ്ടും കഴിഞ്ഞുപോയി.
പിന്നീട് പോയത് തന്റെ കൊള്ളസംഘത്തിലെ അഞ്ചുപേരെയും കൊണ്ടാണ്. വൈകീട്ട് മൂന്നുമണിയായിക്കാണും. തോക്കുകളേന്തി എത്തിയ സംഘത്തെക്കണ്ട് ഭൂമി വിട്ടുതരാമെന്നു പറഞ്ഞ പത്തുറാമിനോട് ഇനി ഭൂമി വേണ്ടെന്നുപറഞ്ഞ് കാഞ്ചി വലിച്ചു. അവൻ തൽക്ഷണം വീണുമരിച്ചു.
അതോടെ തങ്ങളെയൊന്നും ചെയ്യരുതെന്ന് കേണുപറഞ്ഞ്, കൈയടക്കിവെച്ച കുടുംബത്തിലെ എല്ലാവരുടെയും അവകാശം അവരവർക്ക് അവന്റെ കുടുംബം വിട്ടുനൽകി. പിന്നീടും ആറുകൊല്ലത്തോളം കൊള്ളയും കൊലയുമായി മാധവ് സിങ്ങിന്റെ സംഘത്തിൽ തുടർന്നു. തങ്ങൾക്കെതിരെ തിരിഞ്ഞ പൊലീസുകാരോടുള്ള പ്രതികാരമായി കേലാറിസ്ക സ്റ്റേഷനും കൊള്ളയടിച്ചു.
അക്കാലത്താണ് ചമ്പൽകൊള്ളക്കാരോട് ഹിംസയുടെ മാർഗമുപേക്ഷിക്കാൻ ആവശ്യപ്പെട്ട് ജൗരയിൽ ഗാന്ധി ആശ്രമം സ്ഥാപിച്ച ഡോ. എസ്.എൻ. സുബ്ബറാവുവിനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തിന്റെ പ്രേരണയിൽ 32ാം വയസ്സിൽ ആയുധം വെച്ച് കീഴടങ്ങി. 1972 ഏപ്രിൽ 14ന് ജയപ്രകാശ് നാരായണന്റെയും മുഖ്യമന്ത്രി പ്രകാശ് സന്ത് സേഠിയുടെയും സുബ്ബറാവുവിനും മുന്നിൽ സംഘത്തലവൻ മാധവ് സിങ്ങിന്റെ നേതൃത്വത്തിൽ ആയുധം വെച്ച് കീഴടങ്ങി. ആകെ 696 ചമ്പൽ കൊള്ളക്കാർ ഇങ്ങനെ കീഴടങ്ങി.
ജയിലിൽ നല്ല പരിഗണനയായിരുന്നു. കുറ്റമേറ്റു പറഞ്ഞാൽ പൊതുമാപ്പ് നൽകുമെന്ന് തങ്ങളോട് പറഞ്ഞു. കുറ്റമേറ്റപ്പോൾ കോടതി വിധിച്ചത് 80 വർഷത്തെ ജയിൽ ശിക്ഷ. അത് ആദ്യം 20 വർഷവും പിന്നീട് 10 വർഷവുമാക്കി വെട്ടിക്കുറച്ചു. ഗുണ ജയിലിൽ കുടുംബത്തിനൊപ്പം സഹവസിക്കാനും അനുവദിച്ചു. ജയിലിലും സുബ്ബറാവു, ശിഷ്യനായ രാജാജി എന്ന പി.വി. രാജഗോപാലിനെയും കൂട്ടി രണ്ടും മൂന്നും ദിവസം കൂടുമ്പോൾ പതിവായി വന്നുകൊണ്ടിരുന്നു. ജയിലിൽ അഞ്ചുവർഷം ചെലവിട്ട ശേഷം പൊതുമാപ്പ് നൽകി.
ആയുധംവെച്ച് കീഴടങ്ങാനും ഹിംസയിൽനിന്ന് അഹിംസയുടെ മാർഗത്തിലേക്ക് കൊണ്ടുവരാനും നിരന്തരം പ്രയത്നിച്ച സുബ്ബറാവു രണ്ടുവർഷം മുമ്പ് വിടപറഞ്ഞു. ചർക്കയുടെ ശബ്ദം ഇനിയും നിലക്കാത്ത, സുബ്ബറാവു സ്ഥാപിച്ച ജൗരയിലെ ആശ്രമത്തിൽ ഇപ്പോഴും മീശപിരിച്ചിരിപ്പുണ്ട് ബഹാദൂർ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.