ന്യൂഡല്‍ഹി: ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം സ്വത്വംകൊണ്ടും ദേശീയതകൊണ്ടും ഹിന്ദുവാണെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതോടെ ഹിന്ദു-മുസ്ലിം തർക്കം ഇല്ലതാകും. ഹിന്ദുത്വ സംഘടനകളിലെ സ്വയംപ്രഖ്യാപിത ഗോരക്ഷകർ മുസ്ലിംകളെയും ദലിതുകളെയും തല്ലിക്കൊല്ലുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് ഭാഗവത് പറഞ്ഞത്. ‘ഭാവിയിലെ ഭാരതം’ പരിപാടിക്കിടെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പരിപാടി ബുധനാഴ്ച സമാപിച്ചു.
പശുസംരക്ഷണത്തെ ആൾക്കൂട്ട ആക്രമണങ്ങളുമായി ചേർത്തുപറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് ഭാഗവത് ആവശ്യപ്പെട്ടു. ആർ.എസ്.എസ് വിവിധ ജാതിക്കാർ തമ്മിലുള്ള മിശ്ര വിവാഹത്തിനെതിരല്ല. ഇതുമായി ബന്ധപ്പെട്ട് സെൻസസ് നടത്തിയാൽ ഏറ്റവുമധികം മിശ്രവിവാഹം നടത്തിയത് ആർ.എസ്.എസിലുള്ളവരാണെന്ന് കാണാം. മുസ്ലിംകള് രാഷ്ട്രത്തിെൻറ ഭാഗമല്ല എന്നുപറയുന്ന കാലത്ത് ഇവിടെ ഹിന്ദുത്വം അവശേഷിക്കില്ലെന്ന് മോഹൻ ഭാഗവത് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഹിന്ദു രാഷ്ട്രത്തിെൻറ അര്‍ഥം മുസ്ലിംകള് ഇല്ലാത്ത രാജ്യമെന്നല്ല. വിശ്വമാകുന്ന കുടുംബത്തെപ്പറ്റിയാണ് ഹിന്ദുരാഷ്ട്രമെന്ന് പറയുന്നതെന്നും ഭാഗവത് അവകാശപ്പെട്ടു. അതേസമയം, മുസ്ലിംകൾക്ക് രണ്ടാംതരം പൗരന്മാരായി ജീവിക്കാമെന്നാണ് ഭാഗവത് പറയുന്നതിെൻറ അർഥമെന്ന് പ്രമുഖ മാധ്യമപ്രവർത്തക ആരിഫ ഖാനം ശർവാനി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.