ഝജ്ജർ: മുൻ ഹരിയാന മന്ത്രി മങ്കെ റാം രതിയുടെ മകൻ ജഗ്ദീഷ് രതിയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ (ഐ.എൻ.എൽ.ഡി) സംസ്ഥാന അധ്യക്ഷൻ നഫെ സിങ് രതി ഉൾപ്പെടെ ആറ് പേർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടാണ് 55കാരനായ ജഗ്ദീഷ് ആത്മഹത്യ ചെയ്തത്.
ജഗ്ദീഷ് വിഷം കഴിക്കുകയായിരുന്നെന്ന് ഝജ്ജർ പൊലീസ് സൂപ്രണ്ട് വസീം അക്രം പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കാനാകൂ. എന്നാൽ പ്രാഥമിക നിഗമന പ്രകാരം വിഷം കഴിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജഗ്ദീഷിന്റെ കുടുംബം പ്രതികൾക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പ്രതികൾ ജഗ്ദീഷിനെ നിരന്തരം ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നുവെന്നും അതുമൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് വഴിവെച്ചതെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
ഡിസംബർ 26ന് ജഗ്ദീഷ് ഒരു ശബ്ദ സന്ദേശം പുറത്തുവിട്ടിരുന്നു. അതിൽ ഈ ആറുപേർക്കെതിരെയും ആരോപണമുന്നയിക്കുകയും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരായിരിക്കും ഉത്തരവാദികളെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ആ സമയം പൊലീസ് അദ്ദേഹത്തോട് പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് ചെയ്തിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.