ഉദയ്പുർ: കോൺഗ്രസ് നേതൃയോഗങ്ങളിലെ പതിവു മുഖങ്ങളായ മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി എന്നിവർ ഇത്തവണ ചിന്തൻ ശിബിരത്തിനില്ല. കഴിഞ്ഞ ചിന്തൻ ശിബിരങ്ങളിലെ നെഹ്റു കുടുംബത്തിന്റെ മനസ്സായി നിന്ന ഈ നേതാക്കൾ അനാരോഗ്യം മൂലമാണ് എത്താതിരുന്നത്.
ഡൽഹി ജീവിതം മതിയാക്കി കേരളത്തിലേക്ക് മടങ്ങിയ ആന്റണിക്ക് രണ്ടാമത് കോവിഡ് വന്നതിന്റെ വിശ്രമത്തിലാണ്. മൻമോഹൻസിങ് ദീർഘയാത്രകൾ നടത്താതെ വീട്ടിൽ തന്നെയാണ്. ഒമ്പതു വർഷം മുമ്പ് ജയ്പുരിലും അതിനു മുമ്പ് നടന്ന ചിന്തൻ ശിബിരങ്ങളിലും നയം രൂപപ്പെടുത്തുന്നതിൽ ആന്റണിയും മൻമോഹനും പങ്കുവഹിച്ചു. രാഹുൽ ഗാന്ധിയെ ഉപാധ്യക്ഷനായി വാഴിച്ച ജയ്പുരിൽ, അതിനുള്ള നിർദേശം മുന്നോട്ടുവെച്ചത് ആന്റണിയായിരുന്നു.
എം.പി-എം.എൽ.എമാർ, എ.ഐ.സി.സി ഭാരവാഹികൾ, പി.സി.സി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ തുടങ്ങി 420ഓളം പേരാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് ക്ഷണം ലഭിച്ച് പങ്കെടുക്കുന്നവരിൽ പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു സമിതി മുൻ ചെയർമാനും കെ.പി.സി.സി മുൻ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, മറ്റൊരു കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ തുടങ്ങിയവർ ഇല്ല. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരും ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ആന്റോ ആന്റണി തുടങ്ങി എം.പി-എം.എൽ.എമാരുടെ പ്രതിനിധികൾ എന്നിവരും ചിന്തൻ ശിബിരത്തിലെ മലയാളി മുഖങ്ങളാണ്.
ഗുലാം നബി ആസാദ്, ആനന്ദ് ശർമ തുടങ്ങി ജി-23 സംഘത്തിലെ ഒട്ടു മിക്കപേരും പങ്കെടുക്കുമ്പോൾ കപിൽ സിബൽ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.