ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ കള്ളക്കളികൾക്ക് വിശ്വാസ്യത പകരാനും ചൊവ്വാഴ്ച നടക്കുന്ന വോട്ടെണ്ണലിൽ കൃത്രിമത്വത്തിന് അവസരമൊരുക്കാനും ലക്ഷ്യമിട്ടാണ് എക്സിറ്റ് പോളുകളെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ജൂൺ നാലോടെ അനിവാര്യമായും അധികാരത്തിൽനിന്ന് പുറത്തുപോകുമെന്നുറപ്പുള്ള ഒരാളുടെ കാർമികത്വത്തിൽ നേരത്തേ തയാറാക്കിയ കണക്കുകളാണ് അവസാനഘട്ട പോളിങ് കഴിഞ്ഞയുടൻ ബി.ജെ.പി അനുകൂല ടെലിവിഷനുകൾ ഒരേ സ്വഭാവത്തിൽ പുറത്തുവിട്ടതെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.
പുതിയ സർക്കാറിന്റെ 100 ദിന കർമപരിപാടി ആലോചിക്കാനടക്കം നിരവധി യോഗങ്ങൾ വിളിച്ചുചേർക്കുന്ന പ്രധാനമന്ത്രി നടത്തുന്നത് സമ്മർദതന്ത്രമാണെന്നും ഇവ പ്രഫഷനൽ എക്സിറ്റ് പോളുകളല്ല, രാഷ്ട്രീയ പോളുകളാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. താൻ തിരിച്ചുവരാൻ പോകുന്നുവെന്ന സന്ദേശം ഉദ്യോഗസ്ഥ വൃന്ദത്തിന് കൈമാറുകയാണ് ഇത്തരം യോഗങ്ങളുടെ ലക്ഷ്യം. സത്യസന്ധമായ വോട്ടെണ്ണൽ നിർവഹിക്കുകയെന്ന ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർക്കാണ് ഈ സന്ദേശം നൽകുന്നത്. പുറത്തുപോകുന്ന പ്രധാനമന്ത്രി അവസാന നിമിഷം വരെ മാനസികാധിപത്യത്തിന് കളികൾ തുടർന്നുകൊണ്ടിരിക്കും. നാലിന് വൈകുന്നേരമാകുമ്പോൾ അയാൾ മുൻ പ്രധാനമന്ത്രിയായിട്ടുണ്ടാകും- ജയ്റാം രമേഷ് പറഞ്ഞു. ‘ഇൻഡ്യ’ സഖ്യകക്ഷികൾ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നതായും 295ൽ കുറച്ച് സീറ്റുകൾ നേടുന്ന സാഹചര്യമില്ലെന്നാണ് വിലയിരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിറ്റ് പോളുകളുടെ ആധികാരികത ചോദ്യം ചെയ്ത് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലോക്സഭയിൽ 300 സീറ്റിലേറെ നേടുമെന്ന് ബി.ജെ.പി അനുകൂല മാധ്യമങ്ങൾ പറയുമെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞതാണ്.
മാസങ്ങൾക്കു മുമ്പ് തയാറാക്കിയ എക്സിറ്റ് പോളുകൾ ഇപ്പോൾ ടെലിവിഷനിൽ കാണിക്കുക വഴി തട്ടിപ്പിന് വേദിയൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയിലെ അസംതൃപ്ത നേതാക്കൾ സത്യം തുറന്നുപറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കമാണ് എക്സിറ്റ് പോളുകൾ എന്ന് കോൺഗ്രസ്. ബി.ജെ.പി നടത്തുന്ന ‘സൈക്കോളജിക്കല് ഗെയിം’ ആണിവയെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങളിലൂടെ ഇൻഡ്യ സഖ്യം തോൽക്കുമെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമമെന്നും ഇതിനെ സഖ്യം നേരിടുമെന്നും ജയ്റാം രമേശ് പറഞ്ഞു.
പ്രധാനമന്ത്രി തുടരെ യോഗങ്ങൾ വിളിച്ചുകൂട്ടി സർക്കാറിന് തുടർച്ചയുണ്ടാവുമെന്ന് ഉദ്യോഗസ്ഥരെ ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. വരാനിരിക്കുന്ന സർക്കാറിന്റെ നൂറുദിന പരിപാടിയടക്കം ചർച്ചകൾ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംഘടിപ്പിച്ചിരുന്നു. സമ്മർദ തന്ത്രത്തിലൂടെ അവരെ വരുതിയിലാക്കാനാണ് ശ്രമം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം 150 ജില്ല വരണാധികാരികളുമായി സംസാരിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് യാഥാർഥ്യവുമായി ഒരുബന്ധവുമില്ലാത്ത എക്സിറ്റ് പോളുകളും. പല സംസ്ഥാനങ്ങളിലും ആകെയുള്ള സീറ്റുകളേക്കാളധികം എൻ.ഡി.എക്ക് നൽകിയ സർവേകളുമുണ്ടെന്ന് ജയ്റാം രമേശ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.