'ദിഷ രവി ക്രിസ്​ത്യൻ മലയാളി, ക്രിസ്​ത്യാനികൾ പണ്ടേ രാജ്യത്തിന്​ ആപത്ത്'​; സംഘപരിവാർ പ്രചാരണത്തിന്‍റെ വസ്​തുത എന്താണ്​​?

രണ്ട്​ ദിവസമായി ട്വിറ്ററിൽ ട്രെൻഡിങാണ്​ 'ദിഷ രവി ജോസഫ്'​ എന്ന ഹാഷ്​ടാഗ്​. സംഘപരിവാർ വ്യജ പ്രചാരണ വിഭാഗമാണ്​ സമൂഹമാധ്യമങ്ങളിൽ ഇത്തരമൊരു ഹാഷ്​ടാഗ്​ പ്രചരിപ്പിക്കുന്നത്​. ടൂൾ കിറ്റ്​ കേസിൽ അറസ്റ്റിലായ ദിഷ രവി എന്ന 22കാരി പെൺകുട്ടി ക്രിസ്​ത്യാനിയാണെന്നാണ് ഇതിലൂടെ പറയുന്നത്​. ദിഷ ക്രിസ്​ത്യാനിയാണ്​ എന്ന്​ മാത്രമല്ല അവർ മലയാളിയാണെന്നും പ്രചാരണം നടക്കുന്നുണ്ട്​. ​

ദിഷ കേരളത്തിലെ സിറിയൻ കാത്തലിക്​ വിഭാഗത്തിൽപെടുന്ന ആളാണെന്നും പണ്ടുതൊ​േട്ട ക്രിസ്​ത്യാനിറ്റി രാജ്യത്തിന്​ വ്യക്​തമായ ഭീഷണി ആണെന്നുമാണ്​ രാജ്​ നായർ എന്ന പ്രൊഫൈലിൽ പങ്കുവച്ച കുറിപ്പിലുള്ളത്​. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ലക്ഷ്യമായിരുന്നു ദിഷക്കെന്നും ആക്ടിവിസത്തിന്‍റെ മറവിൽ രാജ്യത്ത് കലഹമുണ്ടാക്കുകയാണെന്നുമാണ്​ മറ്റൊരു അകൗണ്ട്​ പറയുന്നത്​.

വാസ്​തവം

പ്രചരണം വ്യാപകമായതോടെ 'ദി ലോജിക്കൽ ഇന്ത്യൻ' എന്ന ഓൺലൈൻ പോർട്ടൽ ഇതുസംബന്ധിച്ച്​ വസ്​തുതാ പരിശോധന നടത്തി. സംഭവത്തിലെ വസ്​തുത സംബന്ധിച്ച്​ ആദ്യം ട്വീറ്റ്​ ചെയ്​തത്​ യൂത്ത് കോൺഗ്രസ് ബംഗളൂരു നേതാവായ വൈ.ബി.ശ്രീവത്സയാണ്​. കർണാടകയിലെ ലിംഗായത്ത് കുടുംബത്തിൽ നിന്നുള്ള ദിഷ അന്നപ്പ രവിയാണ്​ ഇതെന്നും കേരളത്തിലെ ക്രിസ്ത്യൻ കുടുംബത്തിലെ ദിഷ രവി ജോസഫ് അല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 'കർണാടകയിലെ ലിംഗായത്ത് കുടുംബത്തിലെ ദിഷ അന്നപ്പ രവിയാണ്. അവൾ കേരളത്തിലെ ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള ദിഷ രവി ജോസഫ് അല്ല. ഇനി ആണെങ്കിൽ പോലും അതൊരു പ്രശ്നമാണോ? ഭക്തന്മാരേ, വാസുധൈവ കുടുംബകത്തിന് എന്ത് സംഭവിച്ചു? നിങ്ങൾ ചെയ്യുന്നത് ഇന്ത്യക്കാരെ ഭിന്നിപ്പിക്കുക മാത്രമാണ്'-ശ്രീവത്സ ട്വിറ്ററിൽ കുറിച്ചു.

'ന്യൂസ്​ മിനുട്ട്​' നടത്തിയ വസ്​തുത പരിശോധനയിലും സമാനമായ കാര്യങ്ങളാണ്​ പുറത്തുവന്നത്​. ദിഷ രവി ക്രിസ്ത്യാനിയാണെന്ന വാദം നിരസിച്ച്​ അഭിഭാഷകനും ദിഷയുടെ കുടുംബത്തിന്‍റെ അടുത്ത സുഹൃത്തുമായ പ്രസന്ന. ആർ രംഗത്തെത്തി. 'അവളുടെ അമ്മയുടെ പേര് മഞ്ജുള നഞ്ചയ്യ, അച്ഛൻ രവി. അവർ കർണാടകയിലെ തുംകൂർ ജില്ലയിലെ തിപ്​ടൂരിൽ നിന്നുള്ളവരാണ്. ദിഷയുടെ മത സ്വത്വം ഇവിടെ പ്രശ്നമല്ല. ക്രിസ്ത്യാനിയോ ഹിന്ദുവോ ആണെന്നത്​ ഇവിടെ എങ്ങനെ പ്രസക്തമാണ്? അവൾ പ്രകൃതിസ്‌നേഹിയാണ്. ലിംഗായത്ത് കുടുംബത്തിൽ വളർന്നതാണെങ്കിലും അവൾ ഒരു മതത്തെയും പിന്തുടർന്നില്ല. വിദ്വേഷം പ്രചരിപ്പിക്കാൻ മത സ്വത്വത്തെ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണ്'-അദ്ദേഹം പറഞ്ഞു. ദിഷ രവിയുടെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴും, അവൾ ഹിന്ദുവാണെന്നും അവളുടെ മുഴുവൻ പേര് ദിഷ അന്നപ്പ രവി എന്നാണെന്ന്​ സ്​ഥിരീകരിച്ചതായും ന്യൂസ്​ മിനുട്ട്​ റിപ്പോർട്ട്​ ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.