ന്യൂഡൽഹി: വ്യാജ കോൾ സെൻറർ നടത്തി ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ചുവരികയായിരുന്ന സംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. 30 സ്ത്രീകൾ ഉൾപ്പെടെ 31 പേരടങ്ങിയ തട്ടിപ്പ് സംഘമാണ് പിടിയിലായത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് ഷഹദാരയിലെ ജിടി റോഡിന് സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ കോൾ സെൻററിൽ റെയ്ഡ് നടത്തുകയായിരുന്നു.
കോൾ സെൻററിലെ ജീവനക്കാർ ആളുകളെ ബാങ്ക് ജോലികൾ ലഭിക്കുമെന്ന വ്യാജേന വിളിച്ച് www.bankinstantjob.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടും. പിന്നാലെ രജിസ്ട്രേഷനായി 10 രൂപ നൽകാൻ നിർദേശിക്കലുമാണ് പതിവ്. ബാങ്ക് ജോലികളെക്കുറിച്ചുള്ള വ്യാജ പരസ്യങ്ങൾ ഇൻറർനെറ്റിൽ വ്യാപകമായി പ്രദർശിപ്പിച്ചതായും അവിടെ പരാമർശിച്ച വെബ്‌സൈറ്റ് സന്ദർശിക്കാൻ ആളുകളോട് ആവശ്യപ്പെട്ടതായും ചോദ്യം ചെയ്യലിൽ ഒരു പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന്, താൽപ്പര്യമുള്ളവരെ വിളിച്ച് ജോലി രജിസ്ട്രേഷനായി 10 രൂപ നൽകാൻ ആവശ്യപ്പെടുമെന്നും അയാൾ വെളിപ്പെടുത്തി.
പണമടക്കാനായി ഒരു ലിങ്ക് ആളുകൾക്ക് അയക്കും. ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു സമാന്തര വിൻഡോ തുറക്കുകയും ഇരകളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ പോലുള്ള രഹസ്യ വിവരങ്ങൾ അവരുടെ അഡ്മിൻ പോർട്ടലിൽ കാണുകയും ചെയ്യുമെന്നും പോലീസ് പറയുന്നു. പിന്നാലെ, സൈബർ കുറ്റവാളികൾ വിവരങ്ങൾ സ്വയം പൂരിപ്പിച്ച് ഇരകളിൽ നിന്ന് ഒടിപി നമ്പറും സ്വന്തമാക്കി അവരുടെ അക്കൗണ്ടിൽ നിന്നും 2000 രൂപ മുതൽ 5000 രൂപ വരെ പിൻവലിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഇതുപോലെ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം കൂപ്പണുകളും ഗിഫ്റ്റ് കാർഡുകളും വാങ്ങാനാണ് പ്രതികൾ ഉപയോഗിക്കുന്നത്. അത് പിന്നീട് വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കുകയും ചെയ്യും. 48 മൊബൈൽ ഫോണുകൾ, എട്ട് എടിഎം കാർഡുകൾ, 85 സിം കാർഡുകൾ, മൂന്ന് ലാപ്‌ടോപ്പുകൾ എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.