മുംബൈ: എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ സഹമന്ത്രിയുമായ ബാബ സിദ്ദിഖി വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രക്ക് പുറത്ത് അഞ്ച് അന്വേഷണ സംഘങ്ങളെ അയച്ച് മുംബൈ പൊലീസ്. കൊലപാതകത്തിലെ സൂത്രധാരനെ പിടികൂടാൻ ഹരിയാനയിൽ അന്വേഷണ സംഘത്തെ വിന്യസിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. കൂടാതെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സീഷനു വേണ്ടി തിരച്ചിൽ സജീവമാക്കിയിട്ടുമുണ്ട്.
അതേസമയം, കേസിലെ പ്രതികളിലൊരാളായ രൂപേഷ് മോഹലിന്റെ പുണെയിലെ വീട്ടിൽ നിന്ന് ബാബ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മറ്റൊരു ആയുധം മുംബൈ ക്രൈംബ്രാഞ്ച് കണ്ടെടുത്തു. കൊലപാതക കേസിൽ കണ്ടെടുക്കുന്ന അഞ്ചാമത്തെ ആയുധമാണിത്. ക്രൈംബ്രാഞ്ച് പറയുന്നതനുസരിച്ച് ഈ കേസിൽ ഒരു ആയുധവും വെടിയുണ്ടകളും ഇപ്പോഴും തിരയുന്നുണ്ട്.
കൊലപാതകത്തിനു വേണ്ടി ആറോളം ആയുധങ്ങൾ മുംബൈയിൽ എത്തിച്ചതായി ക്രൈംബ്രാഞ്ച് കരുതുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള പ്രതി രാം ഫുൽചന്ദ് കനൂജിയ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് ആയുധം നേരത്തെ കണ്ടെടുത്തിരുന്നു. മഹാരാഷ്ട്ര മുൻ സഹമന്ത്രി കൂടിയായ ബാബ സിദ്ദിഖിയെ ഒക്‌ടോബർ 12ന് മുംബൈയിലെ നിർമൽ നഗറിലെ എം.എൽ.എ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു.
ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.