ലഖ്നോ: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ പ്രതിഷേധപ്രകടനം നടത്തിയതിന് പൊലീസ് പ്രതിചേർത്തവരുടെ കുടുംബം ഭീതിയുടെ നിഴലിൽ.
പ്രയാഗ് രാജ് സംഭവത്തിന്റെ സൂത്രധാരനെന്നാരോപിച്ച് യു.പി പൊലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് ജാവേദിന്റെ വീടിനു 500 മീറ്റർ അകലെയാണ് ലക്ചറർ ആയ അഖീൽ അബ്ബാസ് റിസ് വിയുടെ വീട്. അധികം വൈകാതെ തന്റെ വീട് ഇടിച്ചു നിരപ്പാക്കാൻ അധികൃതർ എത്തുമെന്നാണ് ഈ 57 കാരന്റെ കുടുംബം കരുതുന്നത്.
തന്റെ പ്രായപൂർത്തിയാകാത്ത മകനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുമെന്ന ഭയപ്പാടിലാണ് അഖീലിന്റെ വീടിന് എതിർവശത്തു താമസിക്കുന്ന കുടുംബം. ഒരു വർഷം മുമ്പേ കുട്ടിക്ക് 18 തികഞ്ഞുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രയാഗ് രാജിലെ പ്രതിഷേധത്തെ തുടർന്ന് പ്രതിചേർക്കപ്പെട്ട 37 പേരിൽ അഖീലും ഈ യുവാവുമുണ്ട്. പട്ടികയിലെ ഏറ്റവും പ്രായംകൂടിയ ആളും അഖീൽ ആണ്. ലോഡ്ജിൽ വെയിറ്ററായി ജോലി നോക്കുന്ന യുവാവാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.
ജാവേദിന്റെ വീട് ശനിയാഴ്ച ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയിരുന്നു. നിയമവിരുദ്ധമായാണ് കെട്ടിടം നിർമിച്ചതെന്നാരോപിച്ചായിരുന്നു നടപടി. '' തന്റെ പിതാവ് അംഗീകൃത സ്ഥാപനത്തിലെ അധ്യാപകനാണ്. അദ്ദേഹം ഇതു വരെ ഒരു പ്രതിഷേധപരിപരിപാടിയിൽ പങ്കെടുത്തതായോ രാഷ്ട്രീയാഘോഷത്തിൽ പങ്കെടുത്തതായോ കണ്ടിട്ടില്ലെന്ന് അഖീൽ അബ്ബാസ് റിസ് വിയുടെ മകൻ ഹുസൈൻ അഖീൽ പറയുന്നു.
സ്‍പോർട്സിനോട് അദ്ദേഹത്തിന് കമ്പം. വെള്ളിയാഴ്ച പ്രതിഷേധം നടക്കുമ്പോൾ അദ്ദേഹം കോളജിൽ പോയിരിക്കയായിരുന്നു. അദ്ദേഹത്തിനെതിരായ കേസുകൾ കെട്ടിച്ചമച്ചതാണ്. വ്യവസ്ഥകളെല്ലാം പാലിച്ച് 2008ൽ പിതാവ് നിർമിച്ചതാണ് ഇപ്പോൾ താമസിക്കുന്ന വീട്. എന്നിരുന്നാലും വീട് പൊളിക്കുമെന്ന ആശങ്കയിലാണ് ഞങ്ങൾ-ഹുസൈൻ അഖീൽ വിവരിക്കുന്നു.
''ഞങ്ങൾ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ്. രണ്ടു മുറിയുള്ള കുടിലിലാണ് താമസിക്കുന്നത്. അതു നിർമിച്ചത് അധികൃതർ നൽകിയ ഭൂമിയിലാണ്. 20 വർഷമാണ് ഇവിടെയാണ് താമസം. അധികൃതർ വീട് പൊളിച്ചാൽ തെരുവിലിറങ്ങുകയല്ലാതെ മറ്റു വഴിയില്ല''- 18കാരന്റെ പിതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.