താനെ: റഫയിൽ ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇന്ത്യൻ സൈനികനും ഗസ്സയിലെ യു.എൻ ഉദ്യോഗസ്ഥനുമായ വൈഭവ് അനിൽ കാലെയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് ബന്ധുക്കൾ. അടുത്ത ബന്ധുക്കളായ മുഗ്ദ അശോക് കാലെ, ചിന്മയ് അശോക് കാലെ, അജിത കാലെ എന്നിവരാണ് വൈഭവിന്‍റെ രാജ്യസ്നേഹത്തെ കുറിച്ചും അർപ്പണ മനോഭാവത്തെ കുറിച്ചും വിവരിക്കുന്നത്.
വൈഭവിന്‍റെ വിയോഗ വാർത്തയോട് പെരുത്തപ്പെടാൻ സാധിക്കുന്നില്ലെന്ന് ബന്ധു മുഗ്ദ അശോക് കാലെ പറഞ്ഞു. മരണവാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വൈഭവ് ഇനിയിലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ ആത്മാവിൽ ഇപ്പോഴുമുണ്ടെന്ന തോന്നലാണ്. കയ്പേറിയ ആ സത്യം ഒടുവിൽ പുറത്തുവരുമെങ്കിലും അത് അംഗീകരിക്കാനും പൊരുത്തപ്പെടാനും മനസ് തയാറല്ല. അതിനാൽ, ഞങ്ങൾക്ക് ഇപ്പോഴും വൈഭവ് ജീവിച്ചിരിക്കുന്നു -മുഗ്ദ അശോക് കാലെ ചൂണ്ടിക്കാട്ടി.
''കുട്ടിക്കാലം മുതൽ വൈഭവ് വളരെ ഉത്സാഹിയും എപ്പോഴും എന്തെങ്കിലും ചെയ്യാൻ തയാറുമുള്ള വ്യക്തിയായിരുന്നു. എല്ലാ കാര്യങ്ങളും വളരെ അർപ്പണബോധത്തോടെ ചെയ്യും. ദേശസ്‌നേഹവും രാജ്യസേവനവും കാലെ കുടുംബത്തിന്‍റെ രക്തത്തിൽ അലിഞ്ഞതാണ്. സൈന്യത്തിൽ ചേരണമെന്നത് മുത്തച്ഛന്‍റെ ആഗ്രഹമായിരുന്നു. പലതവണ പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. എന്നാൽ, ധൈര്യം കൈവിടാതിരുന്ന വൈഭവ് ഒടുവിൽ സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മുത്തച്ഛന്‍റെ സ്വപ്നം സഫലീകരിക്കുകയും ചെയ്തു'' -ചിന്മയ് അശോക് കാലെ വ്യക്തമാക്കി.
''സ്വന്തം നാടിന് വേണ്ടി ജീവിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് വൈഭവ് സൈന്യത്തിൽ ചേർന്നത്. സൈന്യത്തിന്‍റെ ഭാഗമായ അദ്ദേഹം രാജ്യത്തിന് വേണ്ടി തന്‍റെ സർവതും നൽകാൻ തയാറായിരുന്നു'' -അജിത കാലെ പറഞ്ഞു.
തെക്കൻ ഗസ്സയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മുൻ ഇന്ത്യൻ സൈനികനും യുനൈറ്റഡ് നാഷൻസ് ഡിപാർട്മെന്‍റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി (ഡി.എസ്.എസ്) സ്റ്റാഫ് അംഗവുമായ വൈഭവ് അനിൽ കാലെ സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയത്. യു.എൻ എന്ന് അടയാളപ്പെടുത്തിയ വാഹനത്തിൽ സഞ്ചരിച്ചിട്ടും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
ഇന്ത്യൻ കരസേനയുടെ ജമ്മു കശ്മീർ റൈഫിൾസ് റെജിമെന്‍റിൽ കേണലായിരുന്നു 46കാരനായ വൈഭവ് അനിൽ കാലെ. ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘത്തിന്‍റെ ഭാഗമാകാനായി രണ്ട് വർഷം മുമ്പ് സൈന്യത്തിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ഇസ്രായേൽ ആക്രമണം ആരംഭിച്ച ശേഷം കൊല്ലപ്പെടുന്ന മറ്റൊരു രാജ്യത്തെ ആദ്യ യു.എൻ ഉദ്യോഗസ്ഥനാണ് വൈഭവ്.
വൈഭവിന്‍റെ വേർപാടിൽ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.