സയ്ഫ (ഉത്തർപ്രദേശ്): പിന്നാക്കരാഷ്ട്രീയത്തിന് ഇന്ത്യൻ മുഖ്യധാരയിൽ ഇടംനേടിക്കൊടുത്ത ജനകീയനേതാവിന് ജന്മനാട് കണ്ണീരോടെ വിടനൽകി. ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ സയ്ഫയിലായിരുന്നു നാട്ടുകാർ 'നേതാജി' എന്ന് ആദരപൂർവം വിളിക്കുന്ന മുലായം സിങ് യാദവിന്റെ അന്ത്യകർമങ്ങൾ.
തിങ്കളാഴ്ച വൈകീട്ട് സയ്ഫയിലെ വീട്ടിലെത്തിച്ച മൃതദേഹം അദ്ദേഹം ഉപയോഗിച്ചിരുന്ന 'കോത്തി'യിലാണ് കിടത്തിയത്. ചൊവ്വാഴ്ച രാവിലെ സയ്ഫയിലെ മേള ഗ്രൗണ്ടിലേക്ക് മൃതദേഹം എത്തിച്ചു. സൈക്കിളുകളിലും മോട്ടോർ വാഹനങ്ങളിലും ട്രക്കുകളിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആദരസൂചകമായി ശുഭ്രവസ്ത്രമണിഞ്ഞെത്തിയ ജനം ആദരാഞ്ജലി അർപ്പിക്കാനായി ഒഴുകുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ 'നേതാജി അമർ രഹേ' എന്ന മുദ്രാവാക്യം പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന് ഒരേസമയം മുഴങ്ങി. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും മുലായത്തിന്റെ സഹോദരൻ ശിവ്പാൽ യാദവുമടക്കമുള്ള ബന്ധുക്കളും സന്നിഹിതരായിരുന്നു.
ലോക്സഭ സ്പീക്കർ ഓം ബിർള, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, തെലുഗുദേശം പാർട്ടി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു, മുൻ കേന്ദ്ര സഹമന്ത്രി പ്രഫുൽ പട്ടേൽ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ബി.ജെ.പി നേതാവ് റീത്ത ബഹുഗുണ ജോഷി, സമാജ്വാദി പാർട്ടി എം.പി കൂടിയായ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ എന്നിവരടക്കം അന്തിമോപചാരം അർപ്പിച്ചു.
മൂന്നു തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും രണ്ടുതവണ കേന്ദ്ര പ്രതിരോധമന്ത്രിയായും സേവനമനുഷ്ഠിച്ച മുലായം സിങ് യാദവ് (82) ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.