ന്യൂഡൽഹി: കർഷക ദ്രോഹകരമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത അഞ്ചാംവട്ട ചർച്ചയും പരാജയം. നിയമങ്ങൾ പിൻവലിക്കാതെ മറ്റൊരു ഒത്തുതീർപ്പും സാധ്യമല്ലെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. എന്നാൽ, നിയമങ്ങൾ പിൻവലിക്കില്ലെന്നും ചർച്ചയിലൂടെ ഭേദഗതിയാകാമെന്നുമായിരുന്നു കേന്ദ്ര നിലപാട്. ഇത് കർഷകർ തള്ളി. അടുത്ത ചർച്ച ബുധനാഴ്ച നടക്കുമെന്ന് സർക്കാർ അറിയിച്ചതായി കർഷക പ്രതിനിധികൾ പറഞ്ഞു.
തങ്ങൾ റോഡിൽ തുടരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ ഒരു വർഷം വരെയും സമാധാനപരമായി റോഡിലിരുന്ന് സമരം ചെയ്യാൻ തയാറാണെന്ന് കർഷകർ പറഞ്ഞു. ഒരു വർഷത്തേക്കുള്ള റേഷനും ഭക്ഷ്യവസ്തുക്കളും കരുതിയിട്ടുണ്ട്. ഒരിക്കലും അക്രമത്തിന്‍റെ പാതയിലേക്ക് തിരിയില്ലെന്നും കർഷകർ ചർച്ചയിൽ പറഞ്ഞു.
ചർച്ചയിൽ തുടക്കത്തിലേ തർക്കം ഉടലെടുത്തിരുന്നു. നിയമം പിൻവലികാതെ ഭേദഗതി ചെയ്യാമെന്ന് ചർച്ചയിൽ പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാർ പറഞ്ഞതാണ് പ്രശ്നത്തിനിടയാക്കിയത്. വിവാദ നിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ ചർച്ച ബഹിഷ്കരിച്ച് പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
ഡൽഹിയിലെ വിജ്ഞാൻ ഭവനിലാണ് കർഷക സംഘടനാ നേതാക്കളും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അടക്കമുള്ള കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകളും തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. കാർഷികോൽപന്നങ്ങൾക്കുള്ള താങ്ങുവില (എം.എസ്.പി) തുടരുമെന്നും പുതിയ നിയമങ്ങളിൽ ആവശ്യമായ ഭേദഗതി ചെയ്യാമെന്നുമാണ് കേന്ദ്രം ആവർത്തിക്കുന്നത്. എന്നാൽ, നിയമങ്ങളെല്ലാം പിൻവലിക്കാതെ പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഇതിൻെറ ഭാഗമായി ഡിസംബർ എട്ടിന് ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
കൃഷിമന്ത്രിക്ക് പുറമെ കേന്ദ്ര റെയിൽവേ- വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. 35 ഓളം കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 40 നേതാക്കളാണ് പങ്കെടുത്തത്.
ഇത്തവണയും കർഷകർ തങ്ങൾക്കുള്ള ഭക്ഷണവുമായാണ് ചർച്ചക്കെത്തിയത്. നിയമം പിൻവലിക്കാതെ കേന്ദ്ര സർക്കാറിൻെറ ചായയും ഭക്ഷണവും സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.