ന്യൂഡൽഹി: വിളകൾക്ക് വില തേടിയും വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടും ന്യൂഡൽഹിയിലേക്ക് മാർച്ച് ചെയ്ത ആയിരക്കണക്കിന് കർഷകരെ തലസ്ഥാന നഗരിയുടെ അതിർത്തിയിൽ അർധ സൈനിക വിഭാഗവും കേന്ദ്ര നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസും തല്ലിച്ചതച്ചു.
കർഷകരെ ക്രൂരമായി നേരിട്ട പൊലീസിെൻറ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷധമുയർന്നതോടെ അവസാന നിമിഷം മുഖംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ശ്രമം കർഷകർ തള്ളി. ചൊവ്വാഴ്ച രാത്രി വൈകിയും ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ കർഷകർ തമ്പടിച്ചിരിക്കുകയാണ്. മോദി സർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഭാരതീയ കിസാൻ യൂനിയൻ ആരംഭിച്ച ‘കിസാൻ ക്രാന്തി പദയാത്ര’ അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇടപെട്ട് ചർച്ച നടത്തിെയങ്കിലും പരാജയപ്പെട്ടു. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കിയതോടെ കേന്ദ്ര സർക്കാർ അങ്കലാപ്പിലായി.
ഡൽഹി അതിർത്തിയിലെ ഗാസിയാബാദിൽ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കർഷകരെ നിർദയം അടിച്ചൊതുക്കുകയായിരുന്നു. ലാത്തിചാർജിലും കണ്ണീർവാതക, ജലപീരങ്കി പ്രയോഗത്തിലും നിരവധി പേർക്ക് പരിക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിൽ ചിതറിയോടിയവരെ വളഞ്ഞിട്ട് തല്ലി. യു.പിയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ഡൽഹിയിലും വടക്കൻ ഡൽഹിയിലും നവംബർ എട്ടു വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതു ദിവസം പിന്നിട്ടാണ് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ ഉത്തർപ്രദേശ്-ഡൽഹി അതിർത്തിയിൽ എത്തിയത്. മുപ്പതിനായിരത്തിനു മുകളിൽ വരുന്ന സംഘത്തെ ഡൽഹിയിലേക്ക് പ്രവേശിപ്പിക്കാനാവില്ലെന്നും 25 ബസുകളിലായി കിസാൻഘട്ടിൽ എത്താൻ അനുമതി നൽകാമെന്നുമുള്ള പൊലീസ് നിർദേശം തള്ളിയ സമരക്കാർ ഡൽഹിയിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയായിരുന്നു.
കാര്‍ഷിക കടങ്ങള്‍ നിരുപാധികം എഴുതിത്തള്ളുക, എം.എസ്. സ്വാമിനാഥന് കമീഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക ഉൽപന്നങ്ങള്ക്ക് മതിയായ വില ഉറപ്പുവരുത്തുക, ഇന്ധനവില പിടിച്ചുനിര്‍ത്തുക, വൈദ്യുതി സൗജന്യമാക്കുക തുടങ്ങി 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെപ്റ്റംബർ 23ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽനിന്ന് ഡൽഹി ലക്ഷ്യമാക്കി കിസാൻ ക്രാന്തി പദയാത്രക്ക് തുടക്കമിട്ടത്. ഒക്ടോബർ രണ്ടിന് കര്‍ഷകനേതാവ് ചൗധരി ചരണ്‍ സിങ് സ്മാരകമായ ഡൽഹിയിലെ കിസാൻ ഘട്ടിൽ ഉപവാസം ആരംഭിക്കാനായിരുന്നു പദ്ധതി. കര്‍ഷകര്‍ ഉന്നയിച്ച മിക്ക ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് രാജ്നാഥ് സിങ് ചർച്ചക്കുമുേമ്പ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര കാര്‍ഷിക സഹമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും കര്‍ഷക നേതാക്കളുമായി ആദ്യം കൂടിക്കാഴ്ച നടത്തി. തുടർന്ന് രാജ്നാഥ് സിങ്ങുമായും പ്രതിഷേധക്കാർ ചർച്ച നടത്തി. എന്നാല്‍, മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ പ്രസിഡൻറ് നരേഷ് തികായത് മന്ത്രിയെ അറിയിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ നല്കിയ ഒരു ഉറപ്പും കര്‍ഷകര്‍ സ്വീകരിക്കില്ല. തങ്ങൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങൾ അംഗീകരിക്കണം. അതുവരെ സമരം തുടരാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.