ഉത്തർപ്രദേശിൽ കർഷകനെ മൂന്നംഗ സംഘം കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി

ലഖ്നോ: ഉത്തർപ്രദേശിൽ കർഷകനെ മൂന്നംഗ സംഘം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗ്രാമത്തിലെ ചിലരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. രാജലാമൈ ഗ്രാമത്തിലെ കർഷകനായ മുൻഷിലാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മുൻഷിലാലിനെ വയലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ അദ്ദേഹത്തെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സീനിയർ പൊലീസ് സുപ്രണ്ട് ഒ.പി സിങ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് കൈമാറി.

ഈ മാസം ആദ്യവാരത്തിൽ കാർ പാഞ്ഞുകയറി ഉത്തർപ്രദേശിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടിരുന്നു. ജോലിക്ക് ശേഷം വയലിനരികിൽ വിശ്രമിക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഹർദാസ്പൂർ നിവാസികളായ പുരുഷോത്തമൻ ദാസ് (35), വിസാൽ കുമാർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. പത്ത് മീറ്ററോളം ഇവരെയും കൊണ്ട് സഞ്ചരിച്ച കാർ പിന്നീട് കുഴിയിലേക്ക് വീണതോടെയാണ് നിന്നത്. അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനായാണ് കർഷകർ ശ്രമിക്കുന്നതെന്നും സംസ്ഥാനത്ത് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ അധികാരികൾക്ക് സാധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അന്ന് ഗ്രാമവാസികൾ ഇരുവരുടെയും മൃതദേഹം തടഞ്ഞുവെച്ച് റോഡിൽ പ്രതിഷേധിച്ചിരുന്നു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും അപകടത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നുമായിരുന്നു റിപ്പോർട്ട്. 

Tags:    
News Summary - Farmer strangled to death in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.