ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി കർഷകരും ഖാപ് പഞ്ചായത്ത് പ്രതിനിധികളും തൊഴിലാളികളും ഉൾപ്പെടെ ആയിരങ്ങൾ ഡൽഹി ജന്തർമന്തറിൽ. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് സമരത്തിന്റെ 16ാം ദിവസമായ ഞായറാഴ്ച വിവിധ സംഘടനകൾ ജന്തർമന്തറിലെത്തിയത്.
ഇതു സൂചന മാത്രമാണെന്നും ബ്രിജ് ഭൂഷണെതിരെ മേയ് 21നകം അറസ്റ്റ് അടക്കമുള്ള നടപടിയുണ്ടായില്ലെങ്കിൽ കടുത്ത സമര നടപടികളിലേക്കു കടക്കുമെന്നും കർഷക, ഖാപ് പഞ്ചായത്ത് നേതാക്കളും ഗുസ്തി താരങ്ങളും സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. രാവിലെ സമരവേദിക്ക് സമീപം ഖാപ് പഞ്ചായത്തും നടന്നു.
സംയുക്ത കിസാൻ മോർച്ചയും ഹരിയാന, യു.പി, ഡൽഹി സംസ്ഥാനങ്ങളിലെ 30 ഖാപ് പഞ്ചായത്ത് പ്രതിനിധികളുമാണ് ഞായറാഴ്ച ഡൽഹിയിലെത്തിയത്. ഉത്തരേന്ത്യൻ ജാതികളെയോ വംശങ്ങളെയോ പ്രതിനിധീകരിക്കുന്ന സംവിധാനമാണ് ഖാപ് പഞ്ചായത്ത്. നീതി ലഭിക്കാത്തിടത്തോളം പ്രതിഷേധിക്കുമെന്നും രാജ്യത്തെ പെൺമക്കളുടെയും അമ്മമാരുടെയും ബഹുമാനത്തിനും അന്തസ്സിനും വേണ്ടിയുള്ള പോരാട്ടമാണെന്നും സമരത്തിന് നേതൃത്വം നൽകുന്ന ഒളിമ്പ്യൻ ബജ്റങ് പൂനിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് മൊഴിയെടുക്കാത്തതിനാൽ ഹൈകോടതിയെ സമീപിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ തടയാൻ ഡൽഹി അതിർത്തിയായ സിംഗു, തിക്രി തുടങ്ങിയ പ്രദേശങ്ങളിൽ പാരാമിലിട്ടറിയേയും സമരവേദിയായ ജന്തർമന്തറിൽ 2,000ത്തിലധികം പൊലീസുകാരെയും വിന്യസിച്ചു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരക്കാർ ഞായറാഴ്ച രാത്രി ഏഴിന് ജന്തർമന്തറിൽ മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തി. പ്രതിഷേധ മാർച്ചിന് ജന്തർമന്തറിന് പുറത്തേക്ക് പോകാൻ പൊലീസ് അനുവദിച്ചില്ല.
ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷൻ, ദേശീയ മഹിള അസോസിയേഷൻ അടക്കം നാല് ദേശീയ വനിത സംഘടനകൾ സംയുക്ത ആഹ്വാനം നൽകി.
യു.പിയിലെ മീറത്തിൽ താരങ്ങൾക്ക് പിന്തുണ അറിയിച്ച് നൂറുകണക്കിന് സ്ത്രീകൾ പ്രതിഷേധ മാർച്ച് നടത്തി. അതിനിടെ, സമരക്കാർക്ക് പിന്തുണയുമായി ഹരിയാന ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവ് അനിൽ വിജ് രംഗത്തുവന്നു. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ ഗുസ്തി താരങ്ങൾക്ക് വേണ്ടി ഗോദയിലിറങ്ങിയതോടെയാണ് സമരത്തിന് പിന്തുണ പ്രഖ്യാപിക്കാൻ മന്ത്രി നിർബന്ധിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.