ന്യൂഡൽഹി: 2020 നവംബറിൽ ആരംഭിച്ച കർഷക പ്രക്ഷോഭത്തിന് ശനിയാഴ്ച ഏഴുമാസം തികഞ്ഞു. കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
പ്രക്ഷോഭം ഏഴുമാസം തികയുന്ന സാഹചര്യത്തിൽ ശനിയാഴ്ച കർഷകരുടെ നേതൃത്വത്തിൽ 'സേവ് അഗ്രിക്കൾച്ചർ, സേവ് ഡെമോക്രസി ദിനം' ആചരിക്കും. സിംഘു, ടിക്രി, ഗാസിപൂർ എന്നീ അതിർത്തികളിൽ പ്രക്ഷോഭം തുടരുന്ന കർഷകരുടെ നേതൃത്വത്തിലായിരിക്കും ദിനാചരണമെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു.
രാജസ്ഥാനിലെ ഗംഗാനഗറിൽനിന്ന് ഷാജഹാൻപൂർ അതിർത്തിയിലേക്ക് ഗ്രാമീണ കിസാൻ മസ്ദൂർ സമിതിയുടെ നേതൃത്വത്തിൽ കർഷക സംഘം പുറപ്പെട്ടതായും ഗാസിപൂർ അതിർത്തിയിലേക്ക് ഭാരതീയ കിസാൻ യൂനിയെൻറ നേതൃത്വത്തിൽ ഭാഗ്പത്, സഹാരൻപുർ എന്നിവിടങ്ങളിൽനിന്നുള്ള കർഷകരും എത്തുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി.
രാജ്യമെമ്പാടുമുള്ള കർഷക സംഘടനകൾ ശനിയാഴ്ച പ്രകടനം സംഘടിപ്പിക്കുമെന്നാണ് വിവരം. കൂടാതെ ബി.ജെ.പി നേതാക്കളെ സാമൂഹികമായി ബഹിഷ്കരിക്കലും കരിെങ്കാടി കാണിക്കലും തുടരുമെന്നും കർഷകർ വ്യക്തമാക്കി.
കഴിഞ്ഞവർഷം നവംബറിലാണ് ഡൽഹിയിലെ അതിർത്തിയിലേക്ക് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, യു.പി എന്നിവിടങ്ങളിലെ കർഷകർ സമരവുമായി എത്തിയത്. ഡൽഹിയിലെ അതിർത്തികളിൽ പൊലീസ് തടഞ്ഞതോടെ പ്രക്ഷോഭം അനിശ്ചിതകാലത്തേക്ക് നീട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കർഷകർ ഡൽഹി അതിർത്തികളിൽ തമ്പടിച്ചു. അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ പ്രക്ഷോഭത്തിനിടെ നിരവധി കർഷകർ മരിച്ചുവീണു. 502 കർഷകരാണ് ഏഴുമാസത്തിനിടെ മരിച്ചതെന്നാണ് കണക്കുകൾ.
നിരവധി തവണ കേന്ദ്രസർക്കാറുമായി കർഷകർ ചർച്ച നടത്തിയിട്ടും നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു കേന്ദ്രം. ഇതോടെ പ്രക്ഷോഭം വീണ്ടും നീണ്ടു.
ജനുവരി 26ലെ ചെേങ്കാട്ട സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ പ്രക്ഷോഭം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകർ പ്രക്ഷോഭഭൂമിയിൽ തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.