ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ ട്രാക്ടർ റാലി തുടങ്ങി. റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡിന് മുന്നോടിയായുള്ള റിഹേഴ്സൽ റാലിയാണ് ഇന്ന് നടക്കുന്നത്.
തിക്രി, ഗാസിപൂർ, സിംഘു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കർഷകർ ടാക്ടറുമായി മനേസ്വർ-പൽവാൽ ഹൈവേയിലെത്തും. അവിടുന്ന് ഹൈവേയിലൂടെ ഡൽഹി അതിർത്തിയിലേക്ക് എത്തും. കർഷകർ നടത്തുന്ന റിഹേഴ്സൽ റാലി ഡൽഹി അതിർത്തിയായ ഗാസിപൂരിലെത്തുെമന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
ടാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ കുണ്ഡ് ലി-മനേസ്വർ-പൽവാൽ ടോൾ പ്ലാസയിൽ സുരക്ഷ ശക്തമാക്കി. അതേസമയം, കേന്ദ്ര സർക്കാർ കർഷകരുമായി നടത്തുന്ന എട്ടാംവട്ട ചർച്ച നാളെ നടക്കും.
റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കർഷകർ ട്രാക്ടർ റാലി സംഘടിപ്പിക്കുന്നുണ്ട്. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ പ്രതിഷേധങ്ങളും തുടരുകയാണ്. ഈ മാസം 18ന് പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതകൾ അണിനിരക്കും.
അതേസമയം, അതിർത്തിയിൽ കർഷക സമരത്തിനെത്തി മരിച്ചവരുടെ എണ്ണം 69 ആയി. ഭട്ടിൻഡ ജില്ലയിലെ മണ്ഡികാല സ്വദേശി മൻപ്രീത് സിങ് കർഷക സമരത്തിലെ ഒടുവിലത്തെ രക്തസാക്ഷി. 12 ദിവസമായി സിംഘു അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന മൻപ്രീത് സിങ്, സ്വന്തം ട്രാക്ടർ സമരസ്ഥലത്ത് നിർത്തിയിട്ട് ഭട്ടിൻഡയിലേക്ക് വസ്ത്രങ്ങളെടുക്കാൻ പോയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.