ന്യൂഡൽഹി: കർഷക പ്രക്ഷോഭത്താൽ മുഖരിതമായ ഡൽഹി അതിർത്തികളിലേക്ക് രാജസ്ഥാനിൽ നിന്നുള്ള കർഷകർ വരുന്നത് വെറുംകൈയോടെയല്ല. അതിജീവനത്തിന്‍റെ സമരവീഥിയിലേക്ക് ഒപ്പം വളർത്തുമൃഗങ്ങളെയും കൂട്ടിയാണ് കർഷകരെത്തുന്നത്. വിജയം കണ്ട ശേഷമേ ഒരു തിരിച്ചുപോക്കുള്ളൂ എന്ന് പ്രഖ്യാപിച്ച് കൂടുതൽ കർഷകരെത്തുമ്പോൾ വരും ദിവസങ്ങളിൽ സമരത്തിന്‍റെ രൂപവും ഭാവവും മാറും. പശുക്കളും കാളകളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങളെയും തെളിച്ച് കർഷകർ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകരാണ് ആദ്യഘട്ടത്തിൽ സമരത്തിന്‍റെ മുൻനിരയിലുണ്ടായിരുന്നത്. എന്നാൽ, 17 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകാത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് സംയുക്ത സമരസമിതിയുടെ ആഹ്വാനം. ഇതിനായി കൂടുതൽ കർഷകരോട് സമരഭൂമിയിലെത്താൻ സംഘടനകൾ നിർദേശിച്ചിരിക്കുകയാണ്.
നാളെ ഡൽഹി-ജെയ്പൂർ ദേശീയപാത ഉപരോധിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചുകഴിഞ്ഞു. രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് നൂറുകണക്കിന് ട്രാക്ടറുകൾ പുറപ്പെടും. രാജ്യത്തെ തൊഴിലാളികളോടും വനിതകളോടും സമരത്തിന്‍റെ ഭാഗമാകാൻ കർഷക സംഘടനകൾ ആഹ്വാനം ചെയ്തു.
കഴിഞ്ഞ ദിവസം ടോൾ പ്ലാസകൾ ഉപരോധിക്കുമെന്നും ടോൾ വാങ്ങാതെ വാഹനങ്ങൾ കടത്തിവിടുമെന്നും കർഷകർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഹരിയാനയിലെ മുഴുവൻ ടോൾ പ്ലാസകളും സൗജന്യമായതായി കർഷക നേതാക്കൾ പറഞ്ഞു. ഡിസംബർ 14ന് ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ കർഷക സമരനേതാക്കൾ നിരാഹാരമിരിക്കും. സർക്കാറുമായി ചർച്ചക്ക് തയാറാണ്. എന്നാൽ, അതിന് മുമ്പ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് കർഷക സമരനേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ 17 ദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ സമരത്തിലാണ്. കേന്ദ്ര സർക്കാറുമായി നടത്തിയ അഞ്ച് ചർച്ചകളും സമവായത്തിലെത്താതെ പിരിഞ്ഞിരുന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് കർഷകർ പ്രഖ്യാപിക്കുമ്പോൾ, ഭേദഗതിയാകാമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.