ലക്നൗ: വീട്ടിലെ എതിർപ്പ് മറികടന്ന് പ്രണയബന്ധം തുടർന്ന മകളെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത അച്ഛൻ അറസ്റ്റിൽ. ആത്മഹത്യക്ക് ശ്രമിച്ച് വീടിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് പിതാവ് മകളെ കൊല്ലാൻ ആശുപത്രി വാർഡ് ബോയ്ക്ക് ക്വട്ടേഷൻ നൽകിയത്.
കൊട്ടേഷൻ പ്രകാരം വാർഡ് ബോയ് ആശുപത്രിയിലെ ഒരു സ്ത്രീയേയും കൂട്ടി പെൺകുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രി ഐ.സി.യുവിലേക്ക് കയറുകയും ഉയർന്ന അളവിൽ പൊട്ടാസിയം ക്ലോറൈഡ് പെൺകുട്ടിക്ക് കുത്തിവെക്കുകയും ചെയ്തു. തുടർന്ന് ആരോഗ്യസ്ഥിതി മോശമായ പെൺകുട്ടിയെ മോദിപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിൽ ഉയർന്ന തോതിൽ പൊട്ടാസിയം ക്ലോറൈഡ് കുത്തിവെച്ചതായി കണ്ടെത്തി. സംശയം തോന്നിയ പൊലീസ് സി.സി.ടി.വി. പരിശോധിച്ചപ്പോൾ ആശുപത്രി വാർഡ് ബോയ് നരേഷ് കുമാർ പെൺകുട്ടിക്ക് പൊട്ടാസിയം ക്ലോറൈഡ് കുത്തിവെക്കുന്നത് ശ്രദ്ധയില്പെടുകയായിരുന്നു.
തുടർന്ന് നരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് പിതാവ് മകളെ കൊല്ലാൻ ഒരു ലക്ഷം രൂപ നല്കിയെന്നറിഞ്ഞത്. കുരങ്ങനെ കണ്ടപ്പോൾ പേടിച്ച് പെൺകുട്ടിക്ക് മുകളിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു എന്നാണ് പിതാവ് ആദ്യം ആശുപത്രിയിൽ പറഞ്ഞിരുന്നത്.
കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടിക്ക് ഒരു പ്രണയബന്ധം ഉണ്ടായിരുന്നെന്നും അതിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടപ്പോൾ പിന്മാറിയില്ലെന്നും പിതാവ് പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ പിതാവിനെയും ആശുപത്രി വാർഡ് ബോയിയെയും സഹായത്തിനു വന്ന സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.