‘രാഹുൽ എതിർത്തിട്ടും വിട്ടുനൽകുന്നതിൽ നിരാശയും സങ്കടവും’; അഹ്മദ് പട്ടേൽ മത്സരിച്ചിരുന്ന സീറ്റ് എ.എ.പിക്ക് നൽകുന്നതിനെതിരെ മകൾ

അഹ്മദാബാദ്: അന്തരിച്ച കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേൽ പ്രതിനിധീകരിച്ചിരുന്ന ഗുജറാത്തിലെ ബറൂച്ച് സീറ്റ് ലോക്സഭ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ സഖ്യകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ പട്ടേലിന്റെ മകളും കോൺഗ്രസ് നേതാവുമായ മുംതാസ് പട്ടേൽ.

എ.എ.പിക്ക് സീറ്റ് വിട്ടുനൽകുന്ന വാർത്ത വന്നതോടെ കോൺഗ്രസ് പ്രവർത്തകരും ജനങ്ങളും നിരാശയിലും സങ്കടത്തിലുമാണെന്ന് പറഞ്ഞ അവർ, പരമ്പരാഗതമായി കോൺഗ്രസ് മത്സരിക്കുന്ന സീറ്റിൽ പാർട്ടി തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെട്ടു. ബറൂച്ച് സീറ്റ് എ.എ.പിക്ക് വിട്ടുനൽകുന്നതിൽ പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി.

‘ചർച്ചകൾ തുടരുകയാണ്, അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ സീറ്റ് കോൺഗ്രസിൽ തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഈ വിവരം വന്നപ്പോൾ ആളുകൾക്ക് നിരാശയും സങ്കടവും തോന്നി. ബറൂച്ച് സീറ്റ് എ.എ.പിക്ക് നൽകുന്നതിനെ രാഹുൽ ഗാന്ധിയും എതിർത്തതായി കേട്ടിരുന്നു. ഈ സീറ്റ് കോൺഗ്രസിൽ തന്നെ തുടരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പരമ്പരാഗതമായി ഇത് കോൺഗ്രസ് സീറ്റാണ്. കോൺഗ്രസിന്റെ പിന്തുണ ആവശ്യമുള്ളതിനാലാണ് അവർ സഖ്യം ആഗ്രഹിക്കുന്നത്’ -മുംതാസ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

മുംതാസിന് പുറമെ അഹ്മദ് പട്ടേലിന്റെ മകൻ ഫൈസൽ അഹ്മദും നിരവധി പാർട്ടി പ്രവർത്തകരും സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് ഹൈകമാൻഡിനോട് ആവശ്യപ്പെട്ടു.

‘അവസാനം വരെ പോരാടാൻ എന്നെ പഠിപ്പിച്ചത് പിതാവാണ്’ എന്ന പോസ്റ്റ് വ്യാഴാഴ്ച മുംതാസ് എക്സിൽ പങ്കുവെച്ചിരുന്നു. തുടർച്ചയായി ഏഴ് തവണ സീറ്റ് നിലനിർത്തിയ ബി.ജെ.പിയെ നേരിടാൻ അഹ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേലിനെയോ മുംതാസ് പട്ടേലിനെയോ കോൺഗ്രസ് മത്സരിപ്പിക്കുമെന്ന അഭ്യൂഹം മാസങ്ങളായി നിലനിന്നിരുന്നു. ഇതിനിടെയാണ് സീറ്റ് എ.എ.പി നൽകാനുള്ള തീരുമാനവും മുംതാസിന്റെ പ്രതികരണവും. ഗുജറാത്തിൽ ബറൂച്, ഭാവ് നഗർ എന്നീ മണ്ഡലങ്ങളിലാണ് എ.എ.പി മത്സരിക്കുക. ഇതിലേക്കുള്ള സ്ഥാനാർഥികളെ അവർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി സീറ്റുകളിൽ കോൺഗ്രസ് ജനവിധി തേടും.  

Tags:    
News Summary - ‘Felt demoralised, sad’: Ahmed Patel's daughter on Congress 'giving away' Bharuch seat to AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.