ബംഗളൂരു: സംസ്ഥാനത്തെ ഞെട്ടിച്ച പെൺഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട വാർത്തക്കു പിന്നാലെ തുടർനടപടികൾ ആലോചിക്കാൻ അടിയന്തര യോഗം ചേർന്ന് സർക്കാർ. ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, കമീഷണർ, പ്രോജക്ട് ഡയറക്ടർ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് തീരുമാനം.
ഭ്രൂണഹത്യ നടത്തിവന്ന മൈസൂരു ഉദയഗിരി മാത ആശുപത്രിയിലെ ഡോ. ചന്ദ്രൻ ബള്ളാൾ, ഡോ. തുളസീരാമൻ, ആശുപത്രി മാനേജറും ഡോ. ചന്ദൻ ബള്ളാളിന്റെ ഭാര്യയുമായ സി.എം. മീന എന്നിവരടക്കം ഒമ്പതുപേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. ഉദയഗിരിയിലെ മാത ആശുപത്രിയും മൈസൂരു രാജ്കുമാർ റോഡിലെ ആയുർവേദിക് പൈൽസ് ഡേ കെയർ സെന്ററും പൊലീസ് സീൽ ചെയ്തു. മണ്ഡ്യയിൽ ശർക്കര നിർമാണശാലയുടെ മറവിൽ പ്രവർത്തിച്ചിരുന്ന സ്കാനിങ് കേന്ദ്രവും അടച്ചുപൂട്ടി.
സംസ്ഥാനത്തെ ഭരണവും ക്രമസമാധാനവും തകർന്നതിന്റെ തെളിവാണ് പെൺഭ്രൂണ ഹത്യ സംഭവങ്ങളെന്ന് ജെ.ഡി-എസ് നിയമസഭ കക്ഷി നേതാവ് എച്ച്.ഡി. കുമാരസ്വാമി കുറ്റപ്പെടുത്തി. തികച്ചും മനുഷ്യത്വരഹിതമായ പ്രവൃത്തിയാണിത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പെൺകുട്ടികൾക്കെതിരായ നിലപാട് ഇതാണ് എന്ന് സംഭവം ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളെ ബഹുമാനത്തോടെ സ്വീകരിക്കാൻ ജനങ്ങളെ ബോധവത്കരിക്കണം’ -അദ്ദേഹം പറഞ്ഞു. ഭ്രൂണഹത്യയിലേർപ്പെട്ട കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകൾ വർധിക്കുന്നതിൽ സർക്കാർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.