കേസ് നൽകുമെന്ന് കങ്കണ; പിന്നാലെ മികച്ച നടിക്കുള്ള നോമിനേഷൻ പിൻവലിച്ച് ഫിലിം ഫെയർ

ന്യൂഡൽഹി: കേസ് നൽകുമെന്ന നടി കങ്കണ റണാവത്തിന്‍റെ പ്രസ്താവനക്കു പിന്നാലെ മികച്ച നടിക്കുള്ള അവാർഡിനായി താരത്തെ നോമിനേറ്റ് ചെയ്ത നടപടി പിൻവലിച്ച് ഫിലിം ഫെയർ. കങ്കണയുടെ ആരോപണങ്ങൾ തള്ളിയ ഫിലിം ഫെയർ നടിയുടെ പരാമർശങ്ങളിൽ അപലപിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു. അനാവശ്യവും വിദ്വേഷപരവുമായ കങ്കണയുടെ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് ഫിലിംഫെയറിന്‍റെ പ്രസ്താവനയിൽ പറയുന്നു. ആറ് പതിറ്റാണ്ടുകളായി ചലച്ചിത്രമേഖലയിലെ പ്രതിഭകളെ സുതാര്യതയോടെയും നിഷ്പക്ഷമായും തങ്ങൾ ആദരിക്കുന്നുണ്ടെന്നും ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുകൊണ്ടാണ് സിനിമമേഖലയുടേയും പ്രേക്ഷകരുടേയും വിശ്വാസം നേടാനായതെന്നും പ്രസ്താവനയിലുണ്ട്.

കങ്കണ ഉന്നിയിച്ചത് തെറ്റായ ആരോപണമാണ്. അവാർഡ് ചടങ്ങുകൾക്ക് മുമ്പുള്ള സാധാരണ നടപടിക്രമത്തിന്‍റെ ഭാഗമായാണ് ഫിലിംഫെയറിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ കങ്കണയെ ഫോണിൽ ബന്ധപ്പെട്ടത്. മികച്ച നടിക്കുള്ള അവാർഡിനായി കങ്കണയെ നോമിമേറ്റ് ചെയ്തത് അറിയിക്കുകയും ക്ഷണക്കത്ത് അയക്കാൻ അവരുടെ വിലാസം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ ഒരിക്കലും അവർക്ക് അവാർഡ് ലഭിച്ചതായി അറിയിച്ചിട്ടില്ല. കങ്കണയുടെ നിരുത്തരവാദപരമായ പരാമർശങ്ങൾ കണക്കിലെടുത്ത്, തലൈവി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡിനായുള്ള കങ്കണയുടെ നോമിനേഷൻ പിൻവലിക്കുന്നുവെന്നും ഫിലിം ഫെയർ അറിയിച്ചു.

ഫിലിം ഫെയർ പോലുള്ള അനീതി നിറഞ്ഞതും അഴിമതി നിറഞ്ഞതുമായ വേദികളിൽ നിന്ന് താൻ അകലം പാലിക്കാറുണ്ട്. എന്നിട്ടും ഫിലിംഫെയർ അധികൃതർ തന്നെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു കങ്കണ പറഞ്ഞത്. തലൈവി എന്ന സിനിമയിലെ അഭിനയത്തിന് തനിക്ക് മികച്ച നടിക്കുള്ള അവാർഡ് ഉണ്ടെന്ന് പറഞ്ഞാണ് അവർ വിളിച്ചത്. ഇത്തരം അഴിമതികളെ പ്രോത്സാഹിപ്പിക്കുന്നത് എന്‍റെ ധാർമികതക്കും അന്തസ്സിനും എതിരാണ്. അതുകൊണ്ട് ഫിലിം ഫെയറിനെതിരെ കേസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്നും കങ്കണ പറഞ്ഞിരുന്നു. 

Tags:    
News Summary - Filmfare Withdraws Kangana Ranaut's Nomination After 'False Accusation'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.