ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ ബി.ജെ.പി മുൻമന്ത്രിയും ഖനി വ്യവസായ ഭീമനുമായ ഗാലി ജനാർദന റെഡ്ഡിക്കും സഹായിക്കുമെതിരെ ബംഗളൂരു പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെ എംബിഡൻറ് എന്ന ചെയിൻ മാർക്കറ്റിങ് കമ്പനി നിക്ഷേപകരെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജനാർദന റെഡ്ഡിയെ ചോദ്യം ചെയ്യലിനായി തേടുന്നതെന്ന് സിറ്റി പൊലീസ് കമീഷണർ ടി. സുനീൽകുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എംബിഡൻറ് കമ്പനി 500 ഒാളം പേരിൽനിന്നായി 200 ഒാളം കോടി രൂപ തട്ടിയെടുത്തതായ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇൗ കേസിൽ റെഡ്ഡിയുടെ പങ്ക് സംബന്ധിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
തട്ടിപ്പിനിരയായ നിക്ഷേപകർ കഴിഞ്ഞ വർഷം ബംഗളൂരുവിൽ ധർണ നടത്തുകയും പൊലീസിൽ പരാതി നൽകുകയും െചയ്തിരുന്നു. ഡി.ജി. ഹള്ളി പൊലീസ് രജിസ്റ്റർ ചെയ്ത ഇൗ കേസ് സിറ്റി പൊലീസ് കമീഷണർ പിന്നീട് സിറ്റി ക്രൈംബ്രാഞ്ചിന് ൈകമാറി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സെയ്ദ് അഹ്മദ് ഫരീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള എംബിഡൻറ് കമ്പനിയിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കേസിൽനിന്നൊഴിവായിക്കിട്ടാൻ അഹ്മദ് ഫരീദ് ജനാർദന റെഡ്ഡിയെ സമീപിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. ബംഗളൂരുവിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ ജനാർദന റെഡ്ഡിയുമായി നടന്ന കൂടിക്കാഴ്ചയിൽ റെഡ്ഡിയുെട അനുയായി അലിഖാനും പെങ്കടുത്തതായി അറസ്റ്റിലായ ഫരീദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
കേന്ദ്ര ഭരണസ്വാധീനമുപയോഗിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ സ്വാധീനിക്കാമെന്ന് വാക്കുനൽകിയ റെഡ്ഡി ഇടനിലക്കാരനാവാൻ 21 കോടി ആവശ്യപ്പെട്ടു. ഇത് പണമായി നൽകുന്നതിനു പകരം, 57സ്വർണ ബിസ്ക്കറ്റായി നൽകാൻ ഇരുവരും ധാരണയായി. ഇൗ സ്വർണ ബിസ്ക്കറ്റുകൾ ഫരീദിൽനിന്ന് കൈപ്പറ്റിയ അലിഖാൻ ബെള്ളാരിയിലെ രമേഷ് കോത്താരിയുടെ രാജ്മഹൽ ജ്വല്ലറിയിൽ ഏൽപിച്ചു. വ്യാജരേഖകളുണ്ടാക്കിയശേഷം ഇൗ സ്വർണം രമേഷ് കോത്താരി ജനാർദന റെഡ്ഡിക്ക് കീഴിലെ ഒരു കമ്പനിക്ക് ൈകമാറിയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സാമ്പത്തിക തട്ടിപ്പുകേസിൽ അഹ്മദ് ഫരീദിനെ സിറ്റി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതോെടയാണ് വിവരങ്ങൾ പുറത്തുവന്നത്.
ഇതുസംബന്ധിച്ച് ചോദ്യം ചെയ്യലിനായി ജനാർദന റെഡ്ഡിയും അലിഖാനും സി.സി.ബിക്ക് മുന്നിൽ ഹാജരായിട്ടില്ല. ഇരുവരും നവംബർ ഒന്നുമുതൽ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേർ ഇൗ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും കമീഷണർ പറഞ്ഞു. കേസ് അന്വേഷിക്കാൻ സി.സി.ബിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. മറ്റുകാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ജനാർദന റെഡ്ഡിയുടെ ഭാഗത്തുനിന്ന് തെറ്റ് കണ്ടെത്തിയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അഡീഷനൽ പൊലീസ് കമീഷണർ അലോക്കുമാർ, സി.സി.ബി ഡി.സി.പി രമേശ് എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.