ബംഗളൂരു: വഞ്ചന കേസിലെ പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് നടിയും നിർമാതാവുമായ രാധിക കുമാരസ്വാമിയെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ 11ന് സി.സി.ബി ഒാഫിസിൽ ഹാജരായ രാധികയെ നാല് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു.
ജെ.ഡി.എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യയാണ് രാധിക. ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ലോക്സഭ സീറ്റ് വാഗ്ദാനം ചെയ്ത് 10 കോടി രൂപ തട്ടിയെടുത്തെന്ന വ്യവസായിയുടെ പരാതിയിൽ കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽ യുവരാജ് എന്ന സ്വാമി (52) അറസ്റ്റിലായിരുന്നു. യുവരാജ് 75 ലക്ഷം രൂപ രാധികക്ക് കൈമാറിയതായി സി.സി.ബി കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച യുവരാജിനെയും ചോദ്യം ചെയ്യാൻ സി.സി.ബി ഒാഫിസിലെത്തിച്ചിരുന്നു. അന്വേഷണ സംഘത്തിെൻറ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതായും അവർ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാവുമെന്നും സി.സി.ബി ഒാഫിസിൽനിന്ന് മടങ്ങവെ രാധിക പ്രതികരിച്ചു.
തനിക്ക് യുവരാജിനെ കഴിഞ്ഞ 17 വർഷമായി അറിയാമെന്നും തങ്ങളുടെ കുടുംബ ജ്യോത്സ്യനാണെന്നും രാധിക വെളിപ്പെടുത്തിയിരുന്നു. അച്ഛെൻറ മരണവും തെൻറ കരിയറും സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രവചനങ്ങൾ ഫലിച്ചതിനാൽ യുവരാജിൽ വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹത്തിെൻറ അറസ്റ്റ് തന്നെ ഞെട്ടിച്ചതായും അവർ പറഞ്ഞു. യുവരാജിന് സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയുണ്ടെന്നും അവർ നിർമിക്കുന്ന ചരിത്ര സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് തുകയായി 15 ലക്ഷം രൂപ തെൻറ അക്കൗണ്ടിലേക്കും ബാക്കി 60 ലക്ഷം സഹോദരെൻറ അക്കൗണ്ടിലേക്കും നൽകുകയായിരുന്നെന്നുമാണ് രാധികയുടെ വാദം.
എന്നാൽ, രാധികയും യുവരാജും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഒരു രേഖയും തയാറാക്കിയിട്ടില്ലെന്ന് സി.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 16ന് നാഗർഭാവിയിലെ യുവരാജിെൻറ വീട്ടിൽ നടത്തിയ റെയ്ഡിൽ 26 ലക്ഷം രൂപയും 91 കോടി രൂപയുടെ 100 െചക്കുകളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. വി.വി.െഎ.പികളും വ്യവസായികളും രാഷ്ട്രീയക്കാരുമടക്കം പലരെയും യുവരാജ് കബളിപ്പിച്ചതായി പൊലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് ഉേദ്യാഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയതായും പരാതിയുണ്ട്. ഇയാളുടെ മൊബൈൽ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.