അഗർത്തല: ത്രിപുരയിലെ മുതിർന്ന സി.പി.എം നേതാവും മുൻ വ്യവസായ മന്ത്രിയുമായ പബിത്ര കാർക്കെതിരെ അഴിമതിക്കേസ്. അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിച്ച് ത്രിപുര വിജിലൻസ് വിഭാഗം കിഴക്കൻ അഗർത്തലയിലെ ബോധ്ജുങ്നഗർ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
വിവിധ പദ്ധതികളിലായി 28 കോടി രൂപയുടെ അഴിമതി ആരോപണമാണ് പബിത്രക്കെതിരെ ഉയർന്നത്. ത്രിപുര ജെ.ഐ.സി.എ പ്രോജക്ട്, പിന്നാക്ക കോർപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ത്രിപുര വ്യവസായ വികസന കോർപറേഷൻ, ത്രിപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ടാണ് അഴിമതി നടന്നതെന്ന് പരാതിയിൽ പറയുന്നു. വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ജെറമിയ ദർേലാങ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13 (2) / 13 (1) (സി) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഉന്നതർ ഉൾപ്പെട്ട കേസായതിനാൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസന്വേഷണത്തിന് നിയോഗിക്കുക. ന്യൂ ക്യാപിറ്റൽ കോംപ്ലക്‌സ് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ പിയ മാധുരി മജുംദറിനാണ് അന്വേഷണച്ചുമതല.
1998ലും 2003ലും മണിക് സർക്കാർ മന്ത്രിസഭയിൽ വ്യവസായ, ഐടി മന്ത്രിയായിരുന്നു പബിത്ര കർ. 2006ൽ മന്ത്രിസഭയിൽ നിന്ന് പുറത്തായി. പിന്നീട് ത്രിപുര വ്യവസായ വികസന കോർപ്പറേഷന്‍റെ (ടിഐഡിസി) ചെയർമാനായി. വ്യവസായ, ഐ.ടി മന്ത്രിയായിരിക്കെ അധികാരം ദുരുപയോഗം ചെയ്ത് ഫണ്ട തട്ടിപ്പ് നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ടിഐഡിസിയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയവിരോധം തീർക്കാനുള്ള നീക്കമാണ് അഴിമതി ആരോപണമെന്ന് സി.പി.എം നേതൃത്വം പ്രതികരിച്ചു. ബിപ്ലബ് കുമാർ ദേബിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരമേറ്റ ശേഷം മുൻ പി.ഡബ്ല്യു.ഡി മന്ത്രിയും
മുതിർന്ന സി.പി.എം നേതാവുമായ ബാദൽ ചൗധരിക്കെതിരെ 600 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസിൽ ബാദൽ, മുൻ ചീഫ് സെക്രട്ടറി വൈ.പി സിങ്, മുൻ ചീഫ് എഞ്ചിനീയർ സുനിൽ ഭൗമിക് എന്നിവരെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജയിലിൽ അടച്ചുവെങ്കിലും ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.