ന്യൂഡൽഹി: അഞ്ചിടത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അഭിപ്രായ സർവേ ഫലങ്ങളും പുറത്തുവന്നു. എ.ബി.പി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവേയിലാണ് ജനുവരിയിലെ ജനഹിതം കണക്കിലാക്കിയിരിക്കുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. സർവേയിലെ വെളിപ്പെടുത്തലുകൾ:
മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാർട്ടിയും സഖ്യകക്ഷികളും ചേർന്ന് അഖിലേഷ് യാദവിെൻറ നേതൃത്വത്തിൽ 33.5 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. 2017നേക്കാൾ പത്തുശതമാനം അധികവോട്ട്. വോട്ടെടുപ്പിനുമുമ്പ് എസ്.പി അനുകൂല ഒഴുക്കുണ്ടായാൽ അത് 35 ശതമാനത്തിന് മേലെയാകും. പല സഖ്യനീക്കങ്ങളും അണിയറയിൽ നടക്കുന്നത് എസ്.പിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.
അതേസമയം, ബി.ജെ.പി 41.5 ശതമാനം വോട്ട് നേടും. 2021ൽ പല തവണ സർവേ നടത്തിയിട്ടും ബി.ജെ.പിയുടെ വോട്ട് വിഹിതം 40 ശതമാനത്തിൽ താഴെ പോന്നിട്ടില്ല. സീറ്റെണ്ണത്തിൽ 403 നിയോജക മണ്ഡലങ്ങളിൽ, 229 സീറ്റാണ് ബി.ജെ.പിക്ക് പ്രതീക്ഷ. 2017നേക്കാൾ 96 സീറ്റ് നഷ്ടമാകും. എങ്കിലും ഭരണനഷ്ടമുണ്ടാകില്ല. ബി.എസ്.പിക്ക് ഇക്കുറി 10 ശതമാനം വോട്ട് നഷ്ടം കണക്കുകൂട്ടുന്നു. നിലവിലുള്ള സീറ്റായ ഏഴുപോലും നിലനിർത്താൻ കോൺഗ്രസിനാവില്ലെന്നാണ് സർവേ പറയുന്നത്. അത് അഞ്ചിലേക്ക് ചുരുങ്ങും.
ആം ആദ്മി പാർട്ടിയാകും ഭരണകക്ഷിയായ കോൺഗ്രസിന് വെല്ലുവിളി ഉയർത്തുക. കോൺഗ്രസിനേക്കാൾ നാലു ശതമാനം വോട്ട് അധികമായി ആം ആദ്മി നേടുമെന്നാണ് സർവേ ഫലം. 40 ശതമാനം ആം ആദ്മിക്കും 36 ശതമാനം കോൺഗ്രസിനും എന്നതാണ് വോട്ടുവിഹിതകണക്ക്. ഇഞ്ചോടിഞ്ച് മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുക. അമരീന്ദറുമായുള്ള സഖ്യം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല. ഒറ്റ അക്കത്തിൽ ബി.ജെ.പി സഖ്യം തുടരുമെന്നാണ് സർവേഫലം. 20 സീറ്റിലെങ്കിലും ശിരോമണി അകാലിദൾ (ബാദൽ) ജയിക്കുമെന്നാണ് സർവേയിൽ പറയുന്നത്. അങ്ങനെയാണെങ്കിൽ, കോൺഗ്രസിെൻറയും ആപ്പിെൻറയും വാഴ്ചയിലും വീഴ്ചയിലും അത് നിർണായകമാകും.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസിെൻറ ഹരീഷ് റാവത്ത് 37 ശതമാനം പേരുടെ പിന്തുണയുമായി ഏറെ മുന്നിലാണെന്ന് പറയുമ്പോഴും ബലാബല പോരാട്ടമാകും നടക്കുകയെന്ന് സർവേ. 70 അംഗ നിയമസഭയിൽ ബി.ജെ.പി 34 സീറ്റ് നേടും.
33 ഇടത്താണ് കോൺഗ്രസിന് ജയിക്കാനാവുക. വലിയ വോട്ടുചോർച്ചയാണ് ബി.ജെ.പിക്കുണ്ടാവുക. 2017ൽ 46.5 ശതമാനം വോട്ടും 57 സീറ്റും നേടിയ സ്ഥാനത്ത് 23 സീറ്റെങ്കിലും നഷ്ടപ്പെടുമെന്നാണ് സർവേ പ്രവചനം. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഇവിടെ നിർണായകമാണ്. സീറ്റെണ്ണത്തിൽ മൂന്നിൽ ഒതുങ്ങുമെങ്കിലും 12.9 ശതമാനം ശതമാനം വോട്ട് ആം ആദ്മി നേടുമെന്നാണ് സർവേ പറയുന്നത്. ഇത് ബി.ജെ.പി വിരുദ്ധവോട്ടുകളാണ്.
കോൺഗ്രസ്-ബി.ജെ.പി നേരിട്ടുള്ള മത്സരകാലം കഴിഞ്ഞെന്നും ആ ആദ്മി നിർണായകമായ വോട്ടുവിഹിതം സ്വന്തമാക്കുന്നതോടെ ത്രികക്ഷി പോരാട്ടം ഉറപ്പെന്നുമാണ് ഗോവ നൽകുന്ന സൂചന.
32 ശതമാനം വോട്ടുനേടി ബി.ജെ.പി തുടർഭരണത്തിലെത്തും. 23 ശതമാനം വോട്ടുവിഹിതവുമായി ആപ്പ് രണ്ടാമതും 19 ശതമാനം മാത്രം വോട്ടുനേടി കോൺഗ്രസ് മൂന്നാമതാകുമെന്നുമാണ് സർവേ ഫലം. 21 സീറ്റിൽ ബി.ജെ.പിയും ഏഴിടത്ത് ആം ആദ്മിയും ആറിടത്ത് കോൺഗ്രസും വിജയിക്കുമെന്നാണ് പ്രവചനം.
ബലാബല മത്സരം പ്രതീക്ഷിക്കുന്ന മണിപ്പൂരിൽ ബി.ജെ.പി 25 സീറ്റിലും കോൺഗ്രസ് 24 സീറ്റിലും ജയിക്കുമെന്നാണ് പ്രവചനം. എൻ.പി.എഫ് നാലിടത്തും മറ്റുള്ളവർ ഏഴിടത്തും വിജയിക്കും. വോട്ടുവിഹിതത്തിൽ ബി.ജെ.പിയാണ് മുന്നിൽ. 36 ശതമാനം. കോൺഗ്രസിന് 33 ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.