സിക്കിം പ്രളയം: മരണം അഞ്ചായി; 23 സൈനികരെ കാൺമാനില്ല

ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 23 സൈനികരെയാണ് കാണാതായത്. സൈനിക വാഹനങ്ങൾ മുങ്ങിപ്പോകുകയും ചെയ്തു. രണ്ടായിരത്തോളം പേർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ മലയാളികളും ഉൾപ്പെടും. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രി പ്രേം സിങ് തമാങ് സ്ഥിതിഗതികൾ വിലയിരുത്തി.

വടക്ക് പടിഞ്ഞാറ് സിക്കിമിലെ സൗത്ത് ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം സംഭവിച്ചത്. ഇതേതുടർന്ന് ഇന്ന് പുലർച്ചെ 1.30ഓടെയാണ് മിന്നൽ പ്രളയമുണ്ടായത്. ടീസ്ത നദിയിൽ വെള്ളപ്പൊക്കമുണ്ടായി. ചുങ്‌താങ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടത് താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് 15 മുതൽ 20 അടി വരെ ഉയരാൻ കാരണമായി. മംഗൻ ജില്ലയിലെ ദിക്ചുവിലെ ടീസ്ത സ്റ്റേജ് 5 അണക്കെട്ടും തുറന്നിരുന്നു.

വടക്ക് ഗാങ്‌ടോക്കിൽ നിന്ന് 90 കിലോമീറ്റർ അകലെ ചുങ്താങ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ടീസ്ത സ്റ്റേജ് 3 അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബാലുതാർ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതായി ഗാങ്ടോക് ഭരണകൂടം അറിയിച്ചു. പശ്ചിമ ബംഗാളുമായി സിക്കിമിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 10ലെ നിരവധി സ്ഥലങ്ങൾ തകർന്നിട്ടുണ്ട്.

മംഗൻ, ഗാങ്ടോക്, പാക്യോങ്, നാംചി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 8 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ല്ലുവിളി നേരിടാൻ സാധ്യമായ എല്ലാ പിന്തുണയും സിക്കിം മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Tags:    
News Summary - Five dead in Sikkim Flash Flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.