ഭോപാൽ: വിവാഹ വേദിയിലെത്തിയ തങ്ങളെ കബളിപ്പിച്ച് വധുവും കുടുംബവും കടന്നു കളഞ്ഞുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത് ഒന്നും രണ്ടുമല്ല, അഞ്ച് വരൻമാർ.!! മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. സംഭവത്തിൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമുൾപ്പെടെ മൂന്ന് പേരെ കൊളാർ പൊലീസ് അറസ്റ്റ് ചെയ്തു.
വധുവിനേയും കുടുംബത്തേയും കാണാനില്ലെന്ന് അറിഞ്ഞതോടെ വിവാഹ വേദിയിലെത്തിയ ഹാർദ ജില്ലയിൽ നിന്നുള്ള വരനും കുടുംബവും ഞെട്ടി. ഉടനെ ഇവർ പരാതി നൽകാനായി കൊളാർ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ സമാന പരാതിയുമായി മറ്റ് നാല് വരൻമാർ അവിടെ നിൽക്കുന്നതാണ് കാണാനായത്.
വിവാഹ വേദിയിലെത്തിയപ്പോൾ വേദി അടച്ചിട്ടിരിക്കുന്നതായാണ് കണ്ടെതന്നും വധുവിന്‍റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും വരൻ പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ മൂന്ന് പേരാണ് ഈ സംഘത്തെ നയിക്കുന്നതെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ഭൂപേന്ദ്ര സിങ് പറഞ്ഞു. വിവാഹാലോചനയുമായി എത്തുന്നവർക്ക് പ്രതികൾ അവരുടെ മൊബൈൽ നമ്പറുകൾ നൽകുകയാണ് പതിവ്. തുടർന്ന് ഭോപ്പാലിലേക്ക് വരാൻ ആവശ്യപ്പെടുകയും അങ്ങനെ വരുന്നവർക്ക് മുമ്പിൽ സംഘാംഗമായ യുവതിയെ വധുവെന്ന തരത്തിൽ അവതരിപ്പിക്കും. വിവാഹം ആലോചിച്ചെത്തിയ ചെറുപ്പക്കാരന് യുവതിയെ ഇഷ്ടപ്പെട്ടാൽ അവരിൽ നിന്ന് 20,000 രൂപ കൈപ്പറ്റുന്നതാണ് രീതി.
സംഘത്തിലുള്ളവരുടെ വിലാസം അവരുടെ ഫോൺനമ്പർ മുഖേന കണ്ടെത്തുകയും മൂന്നു പേരേയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പുരുഷൻമാർക്ക് അനുയോജ്യരായ പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുന്ന ജില്ലകളെയാണ് ഈ സംഘം ലക്ഷ്യമിടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.