മുംബൈ: കൃത്യമായ ചട്ടം പാലിച്ച് വിശ്വാസ വോട്ടിന് വേദിയൊരുങ്ങിയാൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ പ്രതിസന്ധി മറികടക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ശിവസേന വിമതർ മുംബൈയിൽ എത്തുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം പ്രതിസന്ധികൾ ഏറെ കണ്ടതാണെന്നും നിലവിലെ പ്രതിസന്ധി ഉദ്ധവ് മറികടക്കുമെന്നതിൽ തനിക്ക് സംശയമില്ലെന്നും പറഞ്ഞ പവാർ അസമിലെ ഹോട്ടലിലിരുന്നല്ല മഹാരാഷ്ട്ര നിയമസഭയിൽ എത്തിയാണ് ശക്തി തെളിയിക്കേണ്ടതെന്നും വിമതരെ പരിഹസിക്കുകയും ചെയ്തു. ഉദ്ധവിന് പൂർണ പിന്തുണയും ഉറപ്പുനൽകി.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള പവാറിന്‍റെ ആദ്യ പ്രതികരണമാണിത്. എൻ.സി.പിയുടെ നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
എം.എൽ.എമാർ തിരിച്ചെത്തിയാൽ തങ്ങളെ എങ്ങനെയാണ് കൊണ്ടുപോയതെന്ന യാഥാർത്ഥ്യം അവർ വിവരിക്കും. അവർ ഇവിടെ വന്ന് ശിവസേനയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുമ്പോൾ മഹാ വികാസ് അഘാഡിയുടെ ഭൂരിപക്ഷം തെളിയും -പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.