ന്യൂഡൽഹി: ഉത്തര കശ്മീരിലെ ബാരാമുല്ല ജില്ലയിൽ വ്യാഴാഴ്ച സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഭീകരരിൽ ഒരാൾ ഫുട്ബാൾ താരം. സോപോർ സ്വദേശി ആമിർ സിറാജ് എന്ന കോളജ് വിദ്യാർഥിയാണ് ഇയാളെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.
പാകിസ്താൻ സ്വദേശി അബ്റാർ എന്ന ലൻഗൂ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഇരുവരും ജയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നവരാണ്. ആമിർ സിറാജ് ഈ അടുത്ത കാലത്തായാണ് ജയ്ഷെ മുഹമ്മദിൽ ചേർന്നത്. ക്രീരി ബാരാമുല്ല വെടിവെപ്പിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഹമാമിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
ജൂലൈ രണ്ട് മുതൽ ആമിറിനെ കാണാതായിരുന്നു. സോപോറ ആദിപോറയിലെ മാതൃസഹോദരന്‍റെ വീട്ടിൽ പോയി ഫുട്ബാൾ കളിക്കാനെന്നും പറഞ്ഞ് ഇറങ്ങിയ ആമിർ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. പിന്നീടാണ് ഇയാൾ ജയ്ഷെ മുഹമ്മദിൽ ചേർന്നതായി വിവരം ലഭിക്കുന്നത്. ആമിറിന് നേരത്തേ തീവ്രവാദ ബന്ധങ്ങളൊന്നുമില്ലായിരുന്നുവെന്നും എന്നാൽ നിരവധി പേർ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സോപോറിലെ ആദിപോറ മേഖലയിൽ നിന്നാണ് ഇയാൾ വരുന്നതെന്നും പൊലീസ് ഓഫിസർ പറഞ്ഞു.
ബാരാമുല്ലയിലെ വാനിഗാം മേഖലയിൽ വ്യാഴാഴ്ചയാണ് ആമിർ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ട ഏറ്റുമുട്ടൽ നടന്നത്. ഭീകര സാന്നിധ്യമുള്ളതായ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ബാരാമുല്ല പൊലീസും 29 രാഷ്ട്രീയ റൈഫിൾസും 176 ബറ്റാലിയൻ സി.ആർ.പി.എഫും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു.
മേഖലയിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ സുരക്ഷാസേന അവർക്ക് കീഴടങ്ങാനുള്ള അവസരം നൽകി. എന്നാൽ ഇത് സ്വീകരിക്കാതെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേന തിരിച്ചടിക്കുകയും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തു. ഏറ്റുമുട്ടലിനൊടുവിലാണ് ഇരുവരും കൊല്ലപ്പെടുന്നത്. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
ആമിറിനെ പോലെ അനന്ത്നാഗിലെ ജില്ലാതല ഫുട്ബാൾ താരമായ മാജിദ് ഖാൻ എന്ന 27കാരൻ 2017ൽ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയിൽ ചേർന്നിരുന്നുവെന്നും എന്നാൽ അധികം വൈകാതെ തന്നെ ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നും ഒരു പൊലീസ് ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.